മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ അശോക് ചവാൻ എംഎല്‍എ സ്ഥാനവും കോൺഗ്രസ് അംഗത്വവും രാജിവെച്ചു. ഇന്ന് രാവിലെ (12.02.24) മഹാരാഷ്ട്ര നിയമസഭ സ്‌പീക്കർ രാഹുല്‍ നർവേകറെ കണ്ടാണ് എംഎല്‍എ സ്ഥാനം രാജിവെയ്ക്കുന്ന കാര്യം അറിയിച്ചത്. അശോക് ചവാൻ ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞെന്നും ഉടൻ ബിജെപിയില്‍ ചേരുമെന്നുമാണ് മുംബൈയില്‍ നിന്ന് വരുന്ന റിപ്പോർട്ടുകൾ.
മഹാരാഷ്ട്രയിലെ മുൻ കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ ബിജെപിയിലേക്ക് ചേക്കേറി ഒരു മാസത്തിനുള്ളിലാണ് രണ്ടാമതൊരു നേതാവ് കൂടി പാർട്ടി വിടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നേ കോൺഗ്രസിന് കനത്ത പ്രഹരമാണ് ഇത് സൃഷ്‌ടിക്കുക. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് അശോക് ചവാൻ.
മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ശങ്കർറാവു ചവാന്‍റെ മകനാണ് അശോക് ചവാൻ. മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതൃത്വത്തിനിടയിൽ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് അശോക് ചവാൻ. 2008 ഡിസംബർ 8 മുതൽ 2010 നവംബർ 9 വരെയാണ് അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. ആദർശ് ഹൗസിംഗ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട കോൺഗ്രസ് പാർട്ടി അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ വിലാസ് റാവു ദേശ്‌മുഖ് സർക്കാരിൽ സാംസ്കാരികം, വ്യവസായം, ഖനികൾ, പ്രോട്ടോക്കോൾ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയാണ് അശോക് ചവാൻ.
കോൺഗ്രസിനെ വാരി ബിജെപി: കോൺഗ്രസിന്‍റെ 10 എംഎൽഎമാർ ബിജെപിയുമായും എൻസിപിയുമായും (അജിത് പവാർ വിഭാഗം) ചർച്ചകൾ നടത്തുകയാണെന്നാണ് വിവരം. കൂടാതെ, ഫെബ്രുവരി 15 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ അശോക് ചവാനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരും ബിജെപിയിൽ ചേരുമെന്നും സൂചനകളുണ്ട്.