ഹരിദ്വാർ (ഉത്തരാഖണ്ഡ്): പൂര്‍വ്വീകരുടെ ചിതാഭസ്‌മം ഗംഗാ നദിയിലൊഴുക്കി പാക്കിസ്ഥാനിൽ നിന്നുള്ള 223 ഹിന്ദു തീർത്ഥാടകർ. ഹരിദ്വാറിലെ അസ്‌തി പ്രവാഹ ഘട്ടിൽ വച്ചാണ് പാകിസ്ഥാനിൽ നിന്നെത്തിയ തീർത്ഥാടക സംഘത്തിലുള്ളവർ ചിതാഭസ്‌മം ഗംഗയിൽ നിമജ്ജനം ചെയ്‌തത്. സിന്ധ് സമുദായത്തിൽ പെട്ടവരാണ് ഇവരെല്ലാം.
ഗംഗയിൽ ഒഴുക്കാൻ വേണ്ടി വർഷങ്ങളോളം സൂക്ഷിച്ചുവച്ചിരുന്ന ചിതാഭസ്‌മമാണ് ഇപ്പോൾ നിമജ്ജനം ചെയ്‌തത്. ഞായറാഴ്‌ച നടന്ന ചടങ്ങില്‍ ചിതാഭസ്‌മം ഗംഗയിൽ നിമജ്ജനം ചെയ്‌തതോടെ പരേതാത്‌മാക്കൾക്ക് മോക്ഷം ലഭിച്ചതായി ചടങ്ങിൽ സംസാരിച്ച ഷദാനി ദർബാറിലെ സ്വാമി യുധിഷ്‌ടിർ ലാൽ പറഞ്ഞു.
ഇത്തവണ സിന്ധ് പ്രവിശ്യയിലെ 33-34 നഗരങ്ങളിൽ നിന്നുള്ളവരാണ് തങ്ങളുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ചിതാഭസ്‌മം കൊണ്ടുവന്നത്. ചിതാഭസ്‌മം നിമജ്ജനം ചെയ്യാൻ ആരെങ്കിലും ഹരിദ്വാറിൽ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവര്‍ക്ക് ഒരു നിബന്ധനയും കൂടാതെ ഒരാഴ്‌ചത്തെ പ്രത്യേക വിസ നൽകുമെന്ന് ഇന്ത്യാ ഗവൺമെൻ്റ് പറഞ്ഞിട്ടുള്ളതായും സ്വാമി യുധിഷ്‌ടിർ ലാൽ കൂട്ടിച്ചേര്‍ത്തു.
Also Read: പാകിസ്ഥാനിലെ ഖൈബര്‍ ജില്ലയില്‍ പുരാതന ഹിന്ദു ക്ഷേത്രം പൊളിച്ചു