ഹൈദരാബാദ്: ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ എന്ന അവകാശവാദവുമായി രംഗത്തെത്തിയ ബിജെപിക്ക് ജനങ്ങള്‍ പാഠം പഠിപ്പിച്ചെന്ന് എഐഎംഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. 400 സീറ്റുകള്‍ എന്ന ലക്ഷ്യവുമായാണ് ബിജെപി ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എന്നാല്‍ കേവലം 240 സീറ്റുകള്‍ മാത്രം നേടാനെ ബിജെപിക്ക് സാധിച്ചുള്ളൂ.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷത്തിന് അടുത്തെത്താന്‍ പോലും ബിജെപിക്കായില്ല. ജെഡിയുവിന്‍റെയും ടിഡിപിയുടെയും പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ വിധിച്ചു. ഞങ്ങള്‍ ആ വിധി സ്വീകരിച്ചു. ധാര്‍ഷ്‌ട്യക്കാരെ ജനങ്ങള്‍ സഹിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ജനങ്ങള്‍ ബിജെപിക്ക് നല്‍കിയത്.
മഹാരാഷ്‌ട്ര, കര്‍ണാടക, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ലമെന്‍റിന്‍റെ ഉപരിസഭയില്‍ മുസ്‌ലീം പ്രാതിനിധ്യമില്ലാത്തതിനെക്കുറിച്ചും ഉവൈസി പ്രതികരിച്ചു. മധ്യപ്രദേശിലെ വീടുകള്‍ പൊളിച്ച് കളഞ്ഞതിനെക്കുറിച്ചും അദ്ദേഹം ആശങ്കകള്‍ പങ്കുവച്ചു. കാലിക്കടത്തെന്ന ആരോപണം ഉയര്‍ത്തിയാണ് വീടുകള്‍ ഇടിച്ച് നിരത്തിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച വീടുകളാണ് ഇടിച്ച് നിരത്തിയതെന്നാണ് കലക്‌ടറുടെ വിശദീകരണം. എന്നാല്‍ എന്തുകൊണ്ടാണ് കുറച്ച് വീടുകള്‍ മാത്രം നശിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി രാജ്യത്ത് വിദ്വേഷം പ്രകടിപ്പിക്കാനാണ് ശ്രമിക്കുന്നത്. മൂന്നാം വട്ടവും പ്രധാനമന്ത്രിയായ നരേന്ദ്രമോദി നുണകള്‍ മാത്രമാണ് പറയുന്നത്. 'സബ്‌ക സാത്ത് സബ്‌ക വികാസ്' എന്നത് കേവലം നാടകം മാത്രമാണ്. ഒഡിഷയില്‍ ബിജെപി അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ ബാലസോറില്‍ വീടുകള്‍ക്ക് നേരെ കല്ലേറും തീവയ്‌പ്പും ഉണ്ടായി.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നീറ്റ് പരീക്ഷ ഒരു ഫലിതമായി മാറിയിരിക്കുന്നു. ഈ മാസം 14ന് പ്രഖ്യാപിക്കേണ്ട ഫലം ജൂണ്‍ 4ന് തന്നെ വന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായതായി രക്ഷിതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഇതൊന്നും ആരും കേള്‍ക്കുന്നില്ല.
ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി ഹൈദരാബാദ് ലോക്‌സഭ സീറ്റില്‍ നിന്ന് 3,38,087 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇദ്ദേഹത്തിന് 6,61,981 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയില്‍ നിന്നുള്ള മാധവി ലതയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മാധവി ലതയ്ക്ക് 3,23,894 വോട്ടുകളാണ് ലഭിച്ചത്.