ന്യൂഡൽഹി: താൻ ഒരു രാഷ്‌ട്രീയ പാർട്ടിയിലും ചേരുന്നില്ലെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ സ്ഥാനം രാജി വച്ച അരവിന്ദർ സിങ് ലൗലി. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സ്ഥാനത്തു നിന്ന് ഒഴിയുക മാത്രമാണ് ചെയ്‌തതെന്നും പാർട്ടി അംഗത്വത്തിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈസ്‌റ്റ് ഡൽഹി മണ്ഡലത്തിൽ ബിജെപി ഹർഷ് മൽഹോത്രയെ മാറ്റി ലൗലിയെ മത്സരിപ്പിക്കുമെന്ന് മുൻ കോൺഗ്രസ് എംഎൽഎ ആസിഫ് മുഹമ്മദ് ഖാൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണം നൽകിയത്.
ആം ആദ്‌മി പാർട്ടിയുമായി കോൺഗ്രസ് സഖ്യം രൂപീകരിച്ചതിൽ പ്രതിഷേധിച്ചാണ് ലൗലി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സ്ഥാനം രാജി വച്ചത്. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അദ്ദേഹം രാജിക്കത്തയച്ചിരുന്നു. എഎപിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് ഘടകം എതിരാണെന്ന് അറിയിച്ചിട്ടും ഹൈക്കമാന്‍റ് അതുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചാണ് എഎപി രൂപീകരിച്ചത്. എഎപിയുടെ ക്യാബിനറ്റ് മന്ത്രിമാരിൽ പകുതിയും ഇപ്പോൾ ജയിലിലാണ്. ആം ആദ്‌മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നത് ഡൽഹി കോൺഗ്രസ് എതിർത്തിട്ടും സഖ്യം രൂപീകരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോയതിന്‍റെ പ്രതിഷേധമാണ് രാജിയെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഏഴോ എട്ടോ വർഷമായിട്ടുള്ള തങ്ങളുടെ ആദർശങ്ങൾ വിട്ടുവീഴ്‌ച ചെയ്യപ്പെടുന്നതിൽ ദുഃഖിതരായ കോൺഗ്രസ് പ്രവർത്തകരുടെ വേദനയാണ് രാജിയിലൂടെ പ്രതിഫലിക്കുന്നതെന്നും ലൗലി പറഞ്ഞു.
Also Read: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലൗലി രാജിവച്ചു