ന്യൂഡൽഹി: തിഹാർ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ തിഹാർ ജയിൽ സൂപ്രണ്ടിന് കത്തെഴുതി കെജ്‌രിവാള്‍. ഇൻസുലിൻ വിഷയത്തിൽ, തനിക്ക് ഗുരുതരമായ പ്രശ്‌നങ്ങളില്ലെന്ന് എയിംസ് ഡോക്‌ടർമാർ ഉറപ്പ് നൽകിയെന്ന ജയിൽ ഭരണകൂടത്തിന്‍റെ പ്രസ്‌താവനകളില്‍ കെജ്‌രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു.
എല്ലാ ദിവസവും ഇന്‍സുലിന്‍ ആവശ്യപ്പെടുന്ന താന്‍, ഒരിക്കല്‍ പോലും ഇൻസുലിൻ പ്രശ്‌നം ഉന്നയിച്ചില്ലെന്ന് എങ്ങനെ പ്രസ്‌താവിക്കാന്‍ കഴിയുമെന്ന് കത്തില്‍ കെജ്‌രിവാള്‍ ചോദിച്ചു. 'തിഹാർ ഭരണകൂടത്തിന്‍റെ പ്രസ്‌താവന ഞാൻ പത്രത്തിൽ വായിച്ചു. പ്രസ്‌താവന വായിച്ച് സങ്കടം തോന്നി. തിഹാറിന്‍റെ രണ്ട് പ്രസ്‌താവനകളും തെറ്റാണ്. ഞാൻ ദിവസവും ഇൻസുലിൻ ചോദിക്കുന്നുണ്ട്. ഞാന്‍ ദിവസവും ഗ്ലൂക്കോസ് മീറ്ററും അവരെ കാണിക്കുന്നുണ്ട്. ഷുഗർ ഒരു ദിവസം മൂന്ന് പ്രാവശ്യം 250 നും 320 നും ഇടയിൽ പോകുന്നുണ്ടെന്നാണ് റീഡിങ് കാണിക്കുന്നത്.'- കെജ്‌രിവാള്‍ പറയുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എയിംസിലെ ഡോക്‌ടര്‍മാർ ഒരിക്കലും പറഞ്ഞിട്ടില്ല. വിശദമായി പരിശോധിച്ച ശേഷം ഉപദേശം നൽകാമെന്നാണ് ഡോക്‌ടര്‍മാർ പറഞ്ഞത്. തിഹാർ ഭരണകൂടം രാഷ്‌ട്രീയ സമ്മർദത്തിൻ കീഴിൽ കിടക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. രാഷ്‌ട്രീയ സമ്മർദത്തിൻ കീഴിൽ തിഹാർ ഭരണകൂടം നുണ പറയുകയാണെന്നും കെജ്‌രിവാൾ വിമര്‍ശിച്ചു.
'രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങി നിങ്ങൾ തെറ്റായ പ്രസ്‌താവനകൾ ഇറക്കിയതില്‍ എനിക്ക് വേദനയുണ്ട്. നിങ്ങൾ നിയമവും ഭരണഘടനയും പാലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' -കത്തില്‍ പറയുന്നു.കെജ്‌രിവാളിന് ജയിലിൽ ഇൻസുലിൻ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഗൂഢാലോചന നടക്കുന്നതായി എഎപി നേതാവ് അതിഷിയും ആരോപിച്ചു.
വീഡിയോ കോൺഫറൻസിങ്ങിലൂടെ ഡോക്‌ടറെ കാണാനും ഇൻസുലിൻ ആരംഭിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ റൂസ് അവന്യൂ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാല്‍ ഇഡിയും തിഹാർ ഭരണകൂടവും ഈ അപേക്ഷയെ എതിർത്തു. കെജ്‌രിവാളിന് ഇൻസുലിന്‍റെ ആവശ്യമില്ലെന്നായിരുന്നു എതിര്‍വാദം. കെജ്‌രിവാളിന്‍റെ ആരോഗ്യ നിലയില്‍ എയിംസ് ഡോക്‌ടര്‍മാരുമായി സംസാരിച്ചിരുന്നു എന്നാണ് ഇഡിയും ജയില്‍ ഭരണകൂടവും കോടതിയില്‍ അറിയിച്ചത്.
Also Read : 'കേന്ദ്ര സര്‍ക്കാര്‍ കെജ്‌രിവാളിനെ കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നു': തുറന്നടിച്ച് ഡല്‍ഹിയിലെ മന്ത്രി