ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തനിക്കെതിരെയുള്ള കേസിലൂടെ എഎപിയെ തകര്‍ത്ത് കളയാനായിരുന്നു പ്രധാനമന്ത്രിയുടെ ശ്രമമെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. തന്‍റെ അറസ്റ്റിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്നാണ് മോദി ധരിച്ചതെന്നും മദ്യനയ അഴിമതി കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ആദ്യമായി പങ്കെടുത്ത റോഡ് ഷോയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
നേതാക്കന്മാരെ ജയിലില്‍ അടച്ചാലും ഈ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കഴിയില്ല. മോദിക്കെതിരെയുള്ള തന്‍റെ പോരാട്ടം കടുപ്പിക്കും. രാജ്യമൊട്ടാകെ സഞ്ചരിച്ച് താന്‍ ജനങ്ങളോട് സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
21 ദിവസം ബിജെപിക്കെതിരെ പ്രചാരണം തുടരും. മുഴുവന്‍ സംസ്ഥാനങ്ങളിലും ബിജെപിയുടെ സീറ്റ് ഗണ്യമായി കുറയും. രാജ്യത്ത് ഇനി മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തില്ല.
അടുത്ത 20 വര്‍ഷത്തേക്ക് ഡല്‍ഹിയില്‍ എഎപിയെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് കഴിയില്ല. കള്ളക്കേസില്‍ കുടുക്കിയ താന്‍ രാജിവച്ചിരുന്നെങ്കില്‍ ബിജെപി ട്രാപ്പില്‍ പെട്ടുപോകുമായിരുന്നു. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ജയിലില്‍ നിന്നും ഭരണം തുടരുമെന്ന് പ്രഖ്യാപിച്ചത്. എന്‍റെ സമ്പത്തും പ്രയത്നവുമെല്ലാം ഈ രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണെന്നും അരവിന്ദ് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.