ചണ്ഡീഗഡ്: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാർച്ച് 21 ന് ആം ആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തതിനെതിരെ പ്രതിഷേധം ശക്തം. സോഷ്യൽ മീഡിയയിലൂടെയുളള ഡിപി പ്രചാരണമാണ് ഇപ്പോൾ കനക്കുന്നത്. ഇതാണ് 'മോദിയുടെ ഏറ്റവും വലിയ ഭയം - കെജ്‌രിവാൾ' (Modi's biggest fear - Kejriwal) എന്നാണ് പ്രചരണത്തിന്‍റെ പേര്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉൾപ്പെടെയുളള എല്ലാ മന്ത്രിമാരും ഈ പ്രചാരണത്തിൽ പങ്കാളികളാവുകയാണ്. എഎപി അനുഭാവികളും പാർട്ടി പ്രവർത്തകരും നേരത്തെ അറസ്‌റ്റിൽ പ്രതിഷേധിച്ച് ധർണ നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും പ്രചരണം കൊഴുപ്പിക്കാനുളള ശ്രമത്തിലാണ് എഎപി. അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൻ്റെ ഡിപിയിലൂടെയും പ്രതിഷേധം നടത്തിവരികയാണ്.
പങ്കാളിയാവാൻ ജനങ്ങളും: സ്വേച്ഛാധിപത്യത്തിനെതിരായ ഈ പോരാട്ടത്തിൽ ശബ്‌ദമുയർത്താനും ആം ആദ്‌മി പാർട്ടിയുടെ പ്രചാരണത്തിൻ്റെ ഭാഗമാകാനും കെജ്‌രിവാളുമൊത്തുള്ള ഫോട്ടോ ഡൗൺലോഡ് ചെയ്യാനും ശേഷം ഡിപിയായി ഉപയോഗിക്കാനും പാർട്ടി ജനങ്ങളോട് അഭ്യർഥിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി എഎപി നേതാക്കളും എംഎല്‍എമാരും പ്രൊഫൈല്‍ പിക്‌ചര്‍ മാറ്റിയിട്ടുണ്ട്. ഇഷ്‌ടമുളള പ്രൊഫൈൽ പിക്‌ചർ ഇടുന്നതിനു പകരം ബാറുകൾക്ക് പിന്നിലുളള അരവിന്ദ് കെജ്‌രിവാളിൻ്റെ ചിത്രമാണ് ക്യാംപെയിനിന്‍റെ ഭാഗമായി ഉപയോഗിക്കുന്നത്. ചിത്രത്തില്‍ മോദിയുടെ ഏറ്റവും വലിയ ഭയം കെജ്‌രിവാളാണെന്നും പറയുന്നുണ്ട്.
മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്‌റ്റിലാകുന്നതിന് മുൻപ് ഒൻപത് പ്രാവശ്യം ഇഡി സമൻസ് അയച്ചെങ്കിലും ഹാജരാകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കാരണം, ബിജെപി തങ്ങളെ അറസ്‌റ്റ് ചെയ്തേക്കുമെന്ന് അവർ ഭയപ്പെട്ടിരുന്നു. എന്നാല്‍, അവസാനം അത് തന്നെയാണ് സംഭവിച്ചത്.
കെജ്‌രിവാളിൻ്റെ അറസ്‌റ്റിന് ശേഷം ബിജെപിയുടെ നിർദേശ പ്രകാരമാണ് ഇഡി പ്രവർത്തിക്കുന്നതെന്നാണ് എഎപിയുടെ ആരോപണം. അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന് മുൻപ് കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. അതേസമയം, കെജ്‌രിവാള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ എല്ലാ ഉത്തരവാദിത്തവും ഇപ്പോൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനാണ് ഉള്ളത്.
ഇപ്പോൾ പാർട്ടിയുടെ വലിയ നേതാവായ അദ്ദേഹം ഇത്തരമൊരു സാഹചര്യത്തിൽ തൻ്റെ എംഎൽഎമാരുമായി ഒരു കൂടിക്കാഴ്‌ച നടത്തിയെന്നും പഞ്ചാബ് മുതൽ ഡൽഹി വരെയുള്ള മുഴുവൻ സാഹചര്യങ്ങളും തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മാർച്ച് 30 ന് ഡൽഹിയിൽ നടക്കുന്ന റാലിയിൽ പഞ്ചാബ് നേതാക്കളും അനുഭാവികളും വൻതോതിൽ പങ്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.