ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആംആദ്‌മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയാനുള്ള ആം ആദ്‌മി പാര്‍ട്ടിയുടെ നീക്കത്തിന് തിരിച്ചടി. പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുകൊണ്ട് എഎപി നടത്താൻ നിശ്ചയിച്ച പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. ആം ആദ്‌മി പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രധാന മന്ത്രിയുടെ വസതിയിലും നഗരത്തിന്‍റെ വിവധ ഭാഗങ്ങളിലും പൊലീസ് നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിന് പൊലീസ് അനുമതി ഇല്ലെങ്കിലും പ്രവര്‍ത്തകര്‍ ഒന്നടങ്കം ഒത്തുചേരാനുള്ള നിര്‍ദേശമാണ് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്നത്. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഎപിയുടെ നീക്കം.
അതേസമയം, എഎപി പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യതലസ്ഥാനത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ന്യൂഡൽഹിയിലെയും സെൻട്രൽ ഡൽഹിയിലെയും ചില ഭാഗങ്ങളിൽ പ്രതിഷേധം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡൽഹി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രദേശത്ത് ക്രമസമാധാനം നിലനിർത്തുന്നതിന് തങ്ങൾ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് ഓഫിസർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരെയും പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിഷേധം കണക്കിലെടുത്ത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി ഡൽഹി ട്രാഫിക് പൊലീസ് ഏഴ് ഇടങ്ങളിലേക്ക് വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ക്രമീകരിച്ചിട്ടുണ്ട്. അതേസമയം യാത്രക്കാർ ഇന്ന് കെമാൽ അത്താതുർക്ക് മാർഗ്, സഫ്‌ദർജംഗ് റോഡ്, അക്ബർ റോഡ്, തീൻ മൂർത്തി മാർഗ് എന്നിവയിലൂടെയുളള സഞ്ചാരം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.