ശ്രീനഗര്‍: ജമ്മുകശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക കേന്ദ്ര മന്ത്രി അമിത് ഷാ പുറത്തിറക്കി. ഭരണഘടനയുടെ അനുച്ഛേദം 370 കഴിഞ്ഞ കാര്യമാണെന്നും ഒരിക്കലും അത് തിരികെ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അനുച്ഛേദം 370 ഇപ്പോള്‍ ഭരണഘടനയുടെ ഭാഗമല്ല. താന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ പ്രകടന പത്രിക വായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ നിശബ്‌ദ പിന്തുണ തനിക്ക് മനസിലായി. എന്നാല്‍ 370 ഇനി ഒരിക്കലും തിരികെ വരില്ലെന്ന കാര്യം താന്‍ വ്യക്തമാക്കുകയാണ്.
അങ്ങനെ സംഭവിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. യുവാക്കളുടെ കയ്യില്‍ കല്ലും ആയുധങ്ങളും നല്‍കുന്ന വകുപ്പായിരുന്നു അത്. യുവാക്കളുടെ ഇടയില്‍ ഇത് വിഭാഗീതയത വളര്‍ത്തി. യുവാക്കളെ ഭീകരതയിലേക്ക് നയിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അനുച്ഛേദം 370 ഇല്ലാതാക്കിയത് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വലിയ നേട്ടമായി ബിജെപി തങ്ങളുടെ പ്രകടന പത്രികയില്‍ എടുത്ത് കാട്ടുന്നു. ജമ്മു കശ്‌മീര്‍ എന്നും എപ്പോഴും ഇന്ത്യയുടെ ഭാഗമാണ്. ഭീകരതയെയും വിഭാഗീയതയെയും ഇല്ലാതാക്കാനുള്ള പോരാട്ടത്തിലാണ് സര്‍ക്കാര്‍.
2014 വരെ ജമ്മുകശ്‌മീര്‍ ഭീകരതയുടെയും വിഭാഗീയതയുടെയും നിഴലിലായിരുന്നു. വ്യത്യസ്‌ത സംസ്ഥാനം, സംസ്ഥാന പദവിയില്ലായ്‌മ ഇതെല്ലാം അവിടെ അസ്ഥിരത സൃഷ്‌ടിച്ചു. മാറി മാറി വന്ന സര്‍ക്കാരുകള്‍ ജമ്മുകശ്‌മീരിനോട് പ്രീണന തന്ത്രങ്ങള്‍ കൈക്കൊണ്ടു. ജമ്മുകശ്‌മീരിന്‍റെ ചരിത്രം രചിക്കുമ്പോള്‍ 2014 മുതലുള്ള ഈ പത്ത് വര്‍ഷത്തെ സുവര്‍ണകാലമായി രേഖപ്പെടുത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
25 വാഗ്‌ദാനങ്ങളാണ് ബിജെപി പ്രകടന പത്രികയില്‍ മുന്നോട്ട് വയ്ക്കുന്നത്. ജമ്മുകശ്‌മീരിലെ എല്ലാ വീടുകളിലെയും മുതിര്‍ന് സ്‌ത്രീകള്‍ക്ക് പ്രതിവര്‍ഷം 18000 രൂപ നല്‍കുന്ന മാസമ്മാന്‍ യോജന നടപ്പാക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. വനിത സ്വയം സഹായസംഘങ്ങള്‍ക്ക് ബാങ്ക് വായ്‌പകളും പലിശ നല്‍കുന്ന പദ്ധതിയും മുന്നോട്ട് വയ്ക്കുന്നു. ഉജ്വല പദ്ധതി പ്രകാരം രണ്ട് സൗജന്യ പാചക വാതക സിലിണ്ടറുകള്‍ പ്രതി വര്‍ഷം ലഭ്യമാക്കും.
പണ്ഡിറ്റ് പ്രേം നാഥ് ദോഗ്ര റോസ്‌ഗാര്‍ യോജന വഴി അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ യുവാക്കള്‍ക്കായി സൃഷ്‌ടിക്കും. പ്രഗതി ശിക്ഷ യോജന പ്രകാരം കോളജ് വിദ്യാര്‍ഥികള്‍ക്ക് ഡിബിടിയിലൂടെ മൂവായിരം രൂപ പ്രതിവര്‍ഷം യാത്ര ബത്ത അനുവദിക്കും. ജെകെ പിഎസ്‌സി, യുപിഎസ്‌സി പരീക്ഷകള്‍ക്കായി തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന ഫീസും സൗജന്യ ലാപ്ടോപും നല്‍കും. രണ്ട് വര്‍ഷത്തേക്ക് പതിനായിരം രൂപയാണ് നല്‍കുന്നത്. ഇതിന് പുറമെ പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള യാത്രാചെലവും സര്‍ക്കാര്‍ വഹിക്കും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കശ്‌മീരി പണ്ഡിറ്റുകളുടെ പുനരധിവാസ പദ്ധതികളെക്കുറിച്ചും ബിജെപിയുടെ പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരത കഠിനമായിരുന്ന കാലത്ത് പല കശ്‌മീരി പണ്ഡിറ്റുകളും സിഖ് സമുദായക്കാരും തങ്ങളുടെ വസ്‌തുവകകള്‍ വിറ്റ് ഇവിടം വിട്ടു പോകാന്‍ നിര്‍ബന്ധിതരായി. ഇത്തരത്തില്‍ വസ്‌തുവകകള്‍ നഷ്‌ടമായ ആറായിരം പേരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
പിഎം കിസാന്‍ സമ്മാനനിധിയിലൂടെ പതിനായിരം രൂപ വീതം കര്‍ഷകര്‍ക്ക് ലഭ്യമാക്കും. നിലവില്‍ ആറായിരം രൂപയാണ് പദ്ധതിയിലൂടെ നല്‍കുന്നത്. നാലായിരം രൂപ കൂടി ലഭ്യമാക്കും.
കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി ചാര്‍ജ് പുതിയാക്കി വെട്ടിക്കുറയ്ക്കും. വൈദ്യുതി ഉപയോഗിച്ചുള്ള ജലസേചന ഉപകരണങ്ങളും മറ്റ് യന്ത്രങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് ഇതിലൂടെ സാധിക്കും.
അഗ്നിവീറുകള്‍ക്ക് ജമ്മു കശ്‌മീര്‍ സര്‍ക്കാര്‍ ജോലിയിലും പൊലീസിലും 20 ശതമാനം ക്വാട്ട ഉറപ്പാക്കും. ജമ്മുകശ്‌മീരിലെ സാധാരണ സംവരണ വ്യവസ്ഥകളെ ബാധിക്കാത്ത തരത്തിലാകുമിത്.
ഹൈന്ദവ ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും പുനര്‍നിര്‍മ്മാണം ഋഷി കശ്യപ തീര്‍ത്ഥാടന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍ത്തിയാക്കും. നശിപ്പിക്കപ്പെട്ട നൂറ് ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
Also Read: കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം, ബിജെപിയുടേത് കപട നയം': രാഹുല്‍ ഗാന്ധി