ന്യൂഡൽഹി: 6,800 കോടി രൂപ വിലമതിക്കുന്ന എയർ ഡിഫൻസ് സംവിധാനം തദ്ദേശീയമായി വികസിപ്പിക്കാനൊരുങ്ങി ഇന്ത്യ. തോളില്‍ വെച്ച് തൊടുക്കാവുന്ന മിസൈലുകളാണ് ഇന്ത്യ വികസിപ്പിക്കാനൊരുങ്ങുന്നത്. ചൈനയുടെയും പാക്കിസ്ഥാന്‍റെയും അതിർത്തികളില്‍ നിന്നുള്ള വ്യോമാക്രമണം ചെറുക്കുന്നതിനാണ് ഇന്ത്യയുടെ പുതിയ നീക്കം. 500 ലോഞ്ചറുകള്‍ തദ്ദേശീയമായി വികസിപ്പിക്കാനും 3000 മിസൈലുകള്‍ വാങ്ങാനുമാണ് കരസേന പദ്ധതിടുന്നത്.
'നിലവിൽ 4800 കോടി രൂപയുടെ പദ്ധതിയിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതുമേഖല യൂണിറ്റും പൂനെ ആസ്ഥാനമായുള്ള ഒരു സ്വകാര്യ മേഖല സ്ഥാപനവും ലേസർ ബീം റൈഡിങ് VSHORADS വികസിപ്പിക്കുന്നുണ്ട്. ശത്രുക്കളുടെ ഡ്രോണുകൾ, യുദ്ധ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയിൽ നിന്ന് ഇത് സംരക്ഷണം നൽകും.' -പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥർ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.
ഇന്ത്യൻ കരസേനയ്ക്കും വ്യോമസേനയ്ക്കും വിതരണം ചെയ്യുന്നതിനായി 200 ലോഞ്ചറുകളും 1200 മിസൈലുകളും വികസിപ്പിക്കുന്നതിനാണ് പദ്ധതിയെന്നും ഈ മിസൈലുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇന്ത്യൻ സൈന്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1200 മിസൈലുകളിൽ 700 എണ്ണം എയര്‍ ഫോഴ്‌സിനും ലഭിക്കാൻ സാധ്യതയുണ്ട്.
ഇൻഫ്രാ-റെഡ് ഹോമിങ് അധിഷ്‌ഠിത VSHORADS നിർമ്മിക്കുന്നതിനായി ഡിആര്‍ഡിഒ നടത്തുന്ന ഡിസൈൻ ആൻഡ് ഡെവലപ്‌മെന്‍റ് പ്രോജക്‌ടാണ് പുരോഗമിക്കുന്ന മറ്റൊരു പദ്ധതി. ഡിആര്‍ഡിഒയുടെ ഡെവലപ്‌മെന്‍റ് കം പ്രൊഡക്ഷൻ പാർട്‌ണർമാരായ അദാനി ഡിഫൻസ്, ഐകോം എന്നിവയുമായി ചേർന്നാണ് ലേസർ ബീം റൈഡിങ് VSHORADS നിർമ്മിക്കുന്നത്.
Also Read : ഫിലിപ്പീൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ എത്തിച്ച് ഇന്ത്യ