ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പരാജയത്തിന് കാരണം അദ്ദേഹത്തിന്‍റെ അധികാര ദുർവിനിയോഗവും മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റും. നൈപുണ്യ വികസന കോർപറേഷൻ അഴിമതി കേസിലെ ചന്ദ്രബാബു നായിഡുവിന്‍റെ അനധികൃത അറസ്റ്റ് വൈഎസ്ആർസിപിക്കെതിരെ ആന്ധ്രാപ്രദേശിലുടനീളം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചന്ദ്രബാബു നായിഡുവിന് ലഭിച്ച മികച്ച ജനപിന്തുണയും അദ്ദേഹത്തിന്‍റെ അറസ്റ്റിലുണ്ടായ ജനവികാരവുമാണ് വൈഎസ്ആർസിപിയുടെ തകർച്ചയിലേക്ക് നയിച്ചത്.
വൈഎസ്ആർസിപി സർക്കാർ അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകളിൽ അദ്ദേഹം തെറ്റുകാരനല്ലെന്ന് തെളിയിച്ചു. ഇത് വൈഎസ്ആർസിപിക്ക് തിരിച്ചടിയായി. കുപ്പത്ത് നിന്നും 48,006 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ചന്ദ്രബാബു നായിഡു ജയിച്ചു. ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് ഉടലെടുത്ത ജനരോഷം ആന്ധ്രാപ്രദേശിലെ മിക്ക ടിഡിപി സ്ഥാനാർഥികൾക്കും വോട്ടുകൾ ലഭിക്കാനിടയാക്കി.
ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിൽ ആന്ധ്രാപ്രദേശിലും അയൽ സംസ്ഥാനങ്ങളിലെ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും റാലികളും യോഗങ്ങളും സംഘടിപ്പിച്ച് അദ്ദേഹത്തിൻ്റെ അനുയായികൾ പ്രതിഷേധിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ജനങ്ങൾ അദ്ദേഹത്തിന് സ്നേഹവും പിന്തുണയും അറിയിച്ചിരുന്നു. കോടികളുടെ അഴിമതി നടത്തിയ, അനധികൃത സ്വത്ത് കേസുകളിലെ പ്രധാന പ്രതിയായ ജഗൻ മോഹൻ റെഡ്ഡി 2019-ലാണ് അധികാരത്തിൽ വന്നത്. അധികാരത്തിലേറിയതിന് ശേഷം അദ്ദേഹം ചന്ദ്രബാബു നായിഡുവിൻ്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചു.
പിന്നീട് 2023 സെപ്‌റ്റംബർ 9-നാണ് ഡിഐജി രഘുരാമി റെഡ്ഡിയുടെ നേതൃത്വത്തിൽ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനെ കുറിച്ച് അറിഞ്ഞയുടൻ ടിഡിപി പ്രവർത്തകർ കൂട്ടത്തോടെ തെരുവിലിറങ്ങിയിരുന്നു. ചന്ദ്രബാബു നായിഡുവിൻ്റെ മോചനം വരെ 52 ദിവസത്തോളം സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങളും ഐക്യദാർഢ്യ റാലികളും നടന്നിരുന്നു.
ആയിരക്കണക്കിന് സ്ത്രീകളാണ് അദ്ദേഹത്തിന്‍റെ മോചനത്തിനായി തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിന് ലഭിച്ച ഈ വലിയ പിന്തുണയും ജനവികാരവും തന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്‍റെ വിജയവും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പരാജയവും.