കോയമ്പത്തൂർ (തമിഴ്‌നാട്) : തമിഴ്‌നാട്ടിൽ 18-ാം ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യത്തേതും ഏകവുമായ ഘട്ടം നാളെ (ഏപ്രിൽ 19) നടക്കാനിരിക്കെ സ്ഥാനാർഥി ജയിക്കാൻ വേണ്ടി വിരൽ മുറിച്ച് പാർട്ടി പ്രവർത്തകൻ. തമിഴ്‌നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂർ ലോക്‌സഭ മണ്ഡലം സ്ഥാനാർഥിയുമായ കെ അണ്ണാമലൈ ബാലൻ നഗർ പ്രദേശത്ത് പ്രചാരണം അവസാനിപ്പിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് അയാളുടെ ഇടത് കൈയിലെ ചൂണ്ടുവിരൽ മുറിച്ചത്. ഇത് കണ്ട സമീപവാസികൾ ഇയാളെ രക്ഷപ്പെടുത്തി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, അയാൾ കടലൂർ ജില്ലയിലെ ആണ്ടൽ മുള്ളിപ്പള്ളം സ്വദേശി ദുരൈ രാമലിംഗമാണെന്ന് കണ്ടെത്തി. 2014 ൽ ദുരൈ രാമലിംഗം ബിജെപിയിൽ ചേർന്നതായും അയാൾ കടലൂർ ജില്ലാ ബിജെപി വൈസ് പ്രസിഡന്‍റായിട്ടുണ്ടെന്നും വ്യക്തമായി. കഴിഞ്ഞ 10 ദിവസമായി ഇയാൾ കോയമ്പത്തൂരിൽ വന്ന് ബിജെപി സ്ഥാനാർഥി അണ്ണാമലൈയെ പിന്തുണച്ച് വീടുവീടാന്തരം കയറി പ്രചാരണം നടത്തുകയായിരുന്നു.
പ്രചാരണത്തിനൊടുവിൽ അണ്ണാമലൈ തോൽക്കുമെന്ന് ഒരു സുഹൃത്ത് പറഞ്ഞതിൽ മനംനൊന്താണ് കോയമ്പത്തൂരിൽ വെച്ച് ഇടത് കൈയിലെ ചൂണ്ടുവിരൽ മുറിച്ചുമാറ്റിയതെന്ന് ദുരൈ രാമലിംഗം പറഞ്ഞു. അണ്ണാമലൈയ്ക്കായി പാർട്ടി പ്രവർത്തകൻ സ്വന്തം വിരൽ മുറിച്ച സംഭവം കോയമ്പത്തൂരിൽ കോളിളക്കം സൃഷ്‌ടിച്ചു.