എറണാകുളം: പുല്‍വാമ ആക്രമണത്തിൽ 42 ജവാന്മാരുടെ ജീവൻ മോദി സർക്കാർ ബലി കൊടുത്തതാണെന്ന വിവാദ പ്രസ്‌താവനയിൽ ആന്‍റോ ആന്‍റണി എംപി മാപ്പ് പറയണമെന്ന് അനിൽ കെ ആൻ്റണി. മുതിർന്ന കോൺഗ്രസ് നേതാവ് നടത്തിയ പ്രസ്‌താവന പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 42 സൈനികരെ അവഹേളിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആന്‍റോ ആന്‍റണി മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിനെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അനിൽ ആൻ്റണി പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ഒരു അന്താരാഷ്‌ട്ര മാധ്യമം ചോദ്യം ചെയ്യുകയും കോൺഗ്രസ് അവരെ പിന്തുണക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് താൻ കോൺഗ്രസ് വിട്ടത്. രാഹുൽ ഗാന്ധി ലോകം മുഴുവനും ചുറ്റിനടന്ന് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ ശ്രമിക്കുകയാണ്. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവായ ആന്‍റോ ആന്‍റണി വീരമൃത്യു വരിച്ച 42 സൈനികരെ അപകീർത്തിപ്പെടുത്തുകയാണ്.
കോൺഗ്രസിനും ഇന്ത്യ മുന്നണിയിലെ സഖ്യങ്ങൾക്കും അഴിമതിയും വർഗീയതയുമല്ലാതെ ഒന്നും ചെയ്യാനില്ല. അവർ ജാതിയുടെയും മതത്തിൻ്റെയും പേര് പറഞ്ഞ് ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനായി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്.
പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുക എന്നതാണ് സിഎഎയുടെ ഏക ലക്ഷ്യം. എന്നാൽ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ ജനങ്ങളെ പൊട്ടന്മാരാക്കാൻ നോക്കുകയാണ്. പൗരത്വ നിയമ ഭേദഗതി ആളുകളെ വിഭജിക്കാൻ മാത്രമുള്ളതാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞിരുന്നു,
എന്നാൽ മാർച്ച് 11ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറി 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈൻ, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യാനികൾ എന്നിവരുൾപ്പെടെയുള്ള പീഡിപ്പിക്കപ്പെടുന്ന കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും അനിൽ ആന്‍റണി പറഞ്ഞു.
ആന്‍റോ ആന്‍റണിയുടെ പരാമർശം ഇങ്ങനെ: പുല്‍വാമ ആക്രമണത്തിൽ 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നാണ് ആന്‍റോ ആന്‍റണി ആരോപിച്ചത്. പാകിസ്ഥാന് ഈ സ്‌ഫോടനത്തില്‍ പങ്ക് എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യൻ ടെറിട്ടറിക്കകത്ത് നടന്ന സംഭവത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണ്. ജവാന്മാരെ മനപൂർവം ആ റൂട്ടിലെത്തിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു എന്ന് പറഞ്ഞത് മുൻ ഗവർണർ തന്നെയാണ്. സർക്കാരിന്‍റെ സഹായമില്ലാതെ ഇത്രയും സ്‌ഫോടക വസ്‌തുക്കള്‍ എത്തിക്കാൻ കഴിയില്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ അന്നേ പറഞ്ഞിരുന്നു. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നുവെന്നും ആന്‍റോ ആന്‍റണി ആരോപിച്ചു.