അമരാവതി (ആന്ധ്രാപ്രദേശ്) : അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ വൈഎസ്ആർസിപി എംഎൽഎ പിന്നെല്ലി രാമകൃഷ്‌ണ റെഡ്ഡി ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍റെ ഭാഗമായ വിവി പാറ്റ് തകര്‍ക്കുന്നതിന്‍റെ ദൃശ്യം പുറത്ത്. പല്‍നാഡു ജില്ലയിലെ മച്ചര്‍ല ലോക്‌സഭ മണ്ഡലത്തിലെ ബൂത്തിലായിരുന്നു സംഭവം. വൈഎസ്ആർസിപി സ്ഥാനാർഥി കൂടിയായ മച്ചര്‍ല എംഎൽഎ രാമകൃഷ്‌ണ റെഡ്ഡി വോട്ടെടുപ്പ് ദിവസം അനുയായികൾക്കൊപ്പം റെന്‍റചിന്തല നിയമസഭ മണ്ഡലത്തിലെ പാൽവൈഗേറ്റ് പോളിങ് കേന്ദ്രത്തിലെ 202-ാം ബൂത്തില്‍ എത്തുകയായിരുന്നു. ബൂത്തില്‍ പ്രവേശിച്ച എംഎൽഎ വിവി പാറ്റ് നശിപ്പിക്കുന്നത് സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
എംഎല്‍എയുടെ അനുചിതമായ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നാല് തവണ എംഎൽഎയും സംസ്ഥാന മന്ത്രിയുമായിരുന്ന പിന്നെല്ലി രാമകൃഷ്‌ണ റെഡ്ഡി ഒരു റൗഡിയെപ്പോലെ അതിരുകടന്ന രീതിയിൽ പെരുമാറിയതിനെതിരെ ജനവികാരം രൂക്ഷമാണ്. കലാപങ്ങൾക്കും ആക്രമണങ്ങൾക്കും പേരുകേട്ട മച്ചര്‍ല നിയോജക മണ്ഡലത്തിൽ ഇവിഎം നശിപ്പിക്കലും തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കലുമെല്ലാം തുടര്‍ക്കഥയാണ്.
ALSO READ : യുപിയില്‍ ബിജെപിക്ക് 8 തവണ വോട്ട് ചെയ്‌ത സംഭവം; പ്രതി പിടിയില്‍
മണ്ഡലത്തിലെ സാഹചര്യം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായതിനാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥര്‍ ഇവിടേക്ക് വരാന്‍ മടിക്കാറുമുണ്ട്. മച്ചര്‍ല ജില്ലയിൽ നിന്ന് നെല്ലൂർ, പ്രകാശം ജില്ലകളിലേക്ക് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ആ ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഇവിടെ നിയമിക്കുകയും ചെയ്‌തിരുന്നെങ്കിലും ഫലവത്തായിട്ടില്ല. അതേസമയം എംഎല്‍എയുടെ അഴിഞ്ഞാട്ടം സംബന്ധിച്ച്, എസ്ഐടി അന്വേഷണം വരെ സംഭവം പുറത്തുവന്നിരുന്നില്ല. സംഭവം മൂടിവയ്ക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കങ്ങളുണ്ടായെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.