ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സൈബർ തട്ടിപ്പിലൂടെ കവര്‍ന്നത് 1.38 കോടി രൂപ. ഹൈദരാബാദ് സ്വദേശിയായ 82-കാരനാണ് പണം നഷ്‌ടപ്പെട്ടത്. സെപ്റ്റംബർ 16 -ന് മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് ഇരയെ തട്ടുപ്പുകാരന്‍ ഫോണ്‍വഴി ബന്ധപ്പെടുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഉടനെ അറസ്റ്റുണ്ടാവുമെന്നുമായിരുന്നു ഇയാള്‍ 82-കാരനോട് പറഞ്ഞത്. സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റുമായി ബന്ധപ്പെടാൻ നിര്‍ദേശിച്ച ഇയാള്‍ മറ്റൊരു ഫോൺ നമ്പർ നൽകുകയും ചെയ്‌തു. പേടിച്ചരണ്ട വയോധികൻ ആ നമ്പറിലേക്ക് വിളിച്ചു.
സൈബർ ക്രൈം ഓഫീസറാണെന്ന് അവകാശപ്പെട്ട ഒരാളാണ് ഫോണ്‍ എടുത്തത്. ഇയാള്‍ ആവശ്യപ്പെട്ടപ്രകാരം ഇര തന്‍റെ ആധാര്‍കാര്‍ വിവരങ്ങള്‍ നല്‍കി. പിന്നീട് ലഭിച്ച വീഡിയോ കോളില്‍ പൊലീസ് യൂണിഫോമിൽ ഒരാൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയും എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) പുറപ്പെടുവിച്ചതാണെന്ന് പറഞ്ഞ് ഒരു വ്യാജ അറസ്റ്റ് വാറണ്ട് അദ്ദേഹത്തിന് കാണിക്കുകയും ചെയ്‌തു.
ഈ വ്യാജ അറസ്റ്റ് വാറണ്ട് കാണിച്ച തട്ടിപ്പുകാർ ഇരയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ നിർബന്ധിച്ചു. ആ സമയം പൊലീസ് കമ്മീഷണറായി വേഷമിട്ട മറ്റൊരാള്‍ ഒരു നിശ്ചിത ഫീസ് കൈമാറിയാൽ ഇടപാടുകളുടെ നിയമസാധുത പരിശോധിച്ച് 15 മിനിറ്റിനുള്ളിൽ പണം തിരികെ നൽകുമെന്നും പറഞ്ഞു. ഇത് പ്രകാരം ആദ്യം 70 ലക്ഷം രൂപ നൽകുകയും പിന്നീട് സെപ്റ്റംബർ 18-നും 26-നും ഇടയിൽ പലപ്പോഴായി തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് 1.38 കോടി രൂപ കൈമാറുകയും ചെയ്‌തു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം വീട്ടുകാരും സുഹൃത്തുക്കളും പണം ചോദിക്കാൻ തുടങ്ങിയതോടെ സംശയം തോന്നി. കോളുകളുടേയും ഇടപാടുകളുടേയും വിശദാംശങ്ങൾ വെളിപ്പെടുത്തി. ഇത് തട്ടിപ്പാണെന്ന് മനസിലാക്കിയ അവർ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. തിങ്കളാഴ്ചയാണ് കേസെടുത്തത്.
തട്ടിപ്പുകാര്‍ക്ക് നല്‍കുന്നതിനായി തങ്ങളോട് പണം ചോദിക്കാൻ തുടങ്ങിയതോടെ സംശയം തോന്നിയ വീട്ടുകാരും സുഹൃത്തുക്കളും ചോദിച്ചപ്പോഴാണ് 82-കാരന്‍ കോളുകളുടേയും ഇടപാടുകളുടേയും വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. നടന്നത് തട്ടിപ്പാണെന്ന് വ്യക്തമായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിനോ പരിശോധിച്ചുറപ്പിക്കാതെ പണം കൈമാറുന്നതിൽ നിന്നും പിന്തിരിയണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്തെങ്കിലും തട്ടിപ്പ് നടക്കുന്നതായി ആർക്കെങ്കിലും സംശയം തോന്നിയാൽ ഉടൻ തന്നെ പൊലീസിൽ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.