അമൃത്‌സർ : ഖലിസ്ഥാന്‍ അനുകൂല നേതാവും തീവ്ര സിഖ് മതപ്രഭാഷകൻ അമൃത്‌പാല്‍ സിങിനെ അസമിലെ ദിബ്രുഗഢ് ജയിലിൽ നിന്ന് പഞ്ചാബിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്താനിരിക്കെ ഞായറാഴ്‌ച അമൃത്പാൽ സിങ്ങിന്‍റെ അമ്മ അറസ്‌റ്റിൽ. 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ തലവനായ അമൃത്പാലിനെ കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്‌റ്റ് ചെയ്യുകയും കർശനമായ ദേശീയ സുരക്ഷ നിയമം ചുമത്തുകയും ചെയ്‌തിരുന്നു.
അദ്ദേഹവും ഒമ്പത് കൂട്ടാളികളും ഇപ്പോൾ അസമിലെ ദിബ്രുഗഢ് ജയിലിലാണ് കഴിയുന്നത്. അമൃത്പാലിന്‍റെ അമ്മ ബൽവീന്ദർ കൗറിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആലം വിജയ് സിങ് ഞായറാഴ്‌ച അറിയിച്ചു. മുൻകരുതൽ അറസ്‌റ്റാണെന്ന് പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
അമൃത്പാലിന്‍റെ അമ്മാവൻ സുഖ്‌ചെയിൻ സിങ്ങിനെയും മറ്റ് മൂന്ന് പേരെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 'ചേതന മാർച്ച്' നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് ഈ അറസ്‌റ്റ്. അമൃത്പാലിനെയും മറ്റ് ഒമ്പത് പേരെയും അസമിലെ ജയിലിൽ നിന്ന് പഞ്ചാബിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഏപ്രിൽ 8 ന് ബട്ടിൻഡയിലെ തഖ്‌ത ദംദാമ സാഹിബിൽ നിന്ന് മാർച്ച് നടത്താൻ തീരുമാനിച്ചത്.
ഫെബ്രുവരി 22 മുതൽ അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിന് സമീപം കൗറും മറ്റ് തടവുകാരുടെ ബന്ധുക്കളും നിരാഹാര സമരത്തിലായിരുന്നു അറസ്‌റ്റ് നടന്നത്. അമൃത്പാലിനെയും മറ്റ് തടവുകാരെയും പഞ്ചാബിലെ ജയിലിലേക്ക് കൊണ്ടുവരുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു.
അമൃത്പാലിന് പുറമെ, ദൽജീത് സിങ് കൽസി, പപൽപ്രീത് സിങ്, കുൽവന്ത് സിങ് ധലിവാൾ, വരീന്ദർ സിങ് ജോഹൽ, ഗുർമീത് സിങ് ബുക്കൻവാല, ഹർജിത് സിങ്, ഭഗവന്ത് സിങ്, ബസന്ത് സിങ്, ഗുരീന്ദർപാൽ സിങ് ഔജ്‌ല എന്നീ ഒമ്പത് കൂട്ടാളികൾക്ക് എതിരെ എൻഎസ്എ പ്രകാരം കേസെടുത്തിട്ടുണ്ട്.
പൊലീസ് നടപടിയിൽ ആം ആദ്‌മി പാർട്ടി (എഎപി) സർക്കാരിനെ ശിരോമണി അകാലിദൾ അപലപിച്ചു. അമൃതപാൽ സിങ്ങിൻ്റെ അമ്മ ഉൾപ്പെടെ വിവിധ സംഘാടകർക്ക് മാർച്ചിൽ പങ്കുണ്ട്. ഇത് അപലപനീയമാണെന്ന് എസ്എഡി വക്താവ് പരംബൻസ് സിങ് റൊമാന പറഞ്ഞു.