ന്യൂഡൽഹി : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ 400ൽ അധികം സീറ്റുകൾ നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 10 വർഷക്കാലത്തെ ട്രാക്ക് റെക്കോർഡുമായാണ് എൻഡിഎ സ്ഥാനാർഥികൾ ജനങ്ങളോട് സംവദിക്കുന്നതെന്ന് പറഞ്ഞ ഷാ തങ്ങൾക്ക് അടുത്ത 25 വർഷത്തേക്കുള്ള വികസന അജണ്ടയുണ്ടെന്നും പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം (എൻഡിഎ) ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി 300-ലധികം സീറ്റുകൾ നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
'ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി 300-ലധികം സീറ്റുകൾ നേടും. ദേശീയ ജനാധിപത്യ സഖ്യം 400-ലധികം സീറ്റുകൾ എന്ന ലക്ഷ്യം മറികടക്കും. ഞങ്ങൾ (ബിജെപി) 10 വർഷത്തെ ട്രാക്ക് റെക്കോർഡുമായാണ് ജനങ്ങളിലേക്ക് പോകുന്നത്. അടുത്ത 25 വർഷത്തേക്കുള്ള, ഇന്ത്യയെ മഹത്തരവും വികസിതവുമായ രാഷ്‌ട്രമായി കെട്ടിപ്പടുക്കാനുള്ള അജണ്ടയും ഞങ്ങൾക്ക് ഉണ്ട്'.
ജനങ്ങൾക്ക് പാർട്ടിയിൽ വിശ്വാസമുണ്ടെന്നും വികസനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്‌ചപ്പാടുകൾക്കൊപ്പമാണ് അവരെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് കേവലം വോട്ടെടുപ്പിനായി പറയുന്നതല്ലെന്നും വോട്ടെണ്ണൽ ദിവസം നിങ്ങൾക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വെള്ളിയാഴ്‌ച വ്യക്തമാക്കി.
ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെക്കുറിച്ച് അമിത് ഷാ: ആന്ധ്രാപ്രദേശിലെ മുൻ എൻഡിഎ സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡുവിൻ്റെ തെലുഗു ദേശം പാർട്ടിയുമായി (ടിഡിപി) സഖ്യമുണ്ടാക്കിയതിനെ കുറിച്ചും ഷാ പരാമർശിച്ചു. ചന്ദ്രബാബു നായിഡുവിനെ തങ്ങൾ നേരത്തെ സഖ്യത്തിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും എൻഡിഎയിൽ വേണ്ടെന്നത് അദ്ദേഹത്തിൻ്റെ തീരുമാനമായിരുന്നു എന്നും ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചന്ദ്രബാബു നായിഡു നേരത്തെ പ്രസ്‌താവനകൾ നടത്തിയെങ്കിലും, കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടിയിരിക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ലഘു കുറിപ്പിൽ പറഞ്ഞു.
'ഞങ്ങളെ കടുത്ത ഭീകരർ എന്ന് വിളിച്ചാണ് വോട്ട് തേടി ചന്ദ്രബാബു നായിഡു ജനങ്ങളിലേക്ക് പോയത്. എന്നാൽ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. ഇപ്പോൾ അദ്ദേഹത്തിന് ബോധം തിരിച്ചുവന്നിരിക്കുന്നു'. പ്രാദേശിക പാർട്ടികൾ എൻഡിഎയിൽ ചേരാൻ തയ്യാറാണെന്നും എല്ലാവരെയും സ്വാഗതം ചെയ്യുകയാണന്നും അമിത് ഷാ വ്യക്തമാക്കി.
അതേസമയം രാജ്യസഭയിൽ സുപ്രധാന നിയമനിർമ്മാണങ്ങൾ നടത്തുന്നതിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ചിട്ടും ആന്ധ്രാപ്രദേശിലെ ഭരണകക്ഷിയായ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിയേക്കാൾ ടിഡിപിക്ക് ബിജെപി മുൻഗണന നൽകിയത് എന്തുകൊണ്ടാണെന്നും ഷാ ചൂണ്ടിക്കാട്ടി. പാർലമെൻ്റിൽ ഒരു നിയമനിർമ്മാണത്തിന് വേണ്ടി വോട്ട് ചെയ്യുന്നത് ഒരു തെരഞ്ഞെടുപ്പ് ടൈ-അപ്പിലേക്ക് വിവർത്തനം ചെയ്യണമെന്നില്ലെന്ന് ഷാ ചൂണ്ടിക്കാട്ടി.
രാജ്യസഭയിൽ നടക്കുന്ന വോട്ടെടുപ്പ് രാഷ്‌ട്രീയ അടിസ്ഥാനത്തിലല്ല, മറിച്ച് പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വൈഎസ്ആർസിപിയും ഞങ്ങൾക്കെതിരെ മൂന്ന് തവണ വോട്ട് ചെയ്‌തു. പ്രതിപക്ഷ പാർട്ടികൾ പലപ്പോഴും വോട്ട് ചെയ്യുന്നത് ആശയങ്ങളുടെ കൂടിച്ചേരലിനെയോ ഒരു വിഷയത്തിലും നിയമനിർമ്മാണത്തിൻ്റെ ഫലത്തിലുമുള്ള സമാന നിലപാടിനെ അടിസ്ഥാനമാക്കിയോ ആണ്. ഒരു ബില്ലിനെയോ പ്രശ്‌നത്തെയോ പിന്തുണയ്ക്കുകയോ അനുകൂലമായി വോട്ട് ചെയ്യുകയോ ചെയ്യുന്നത് ഒരു കൂട്ടുകെട്ടിലേക്ക് നയിക്കുമെന്ന് കരുതുന്നില്ല'- കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ഒഡിഷയിൽ ബിജെഡിയുമായുള്ള സഖ്യം: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഒഡിഷയിൽ ബിജെപി - ഭരണകക്ഷി ബിജു ജനതാദൾ (ബിജെഡി) സഖ്യത്തിനുള്ള സാധ്യതയെക്കുറിച്ചും ഷാ പറഞ്ഞു. 'എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ കഴിയില്ല, കാരണം ദേശീയ പ്രസിഡൻ്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
എന്നിരുന്നാലും, കാര്യങ്ങൾ (സഖ്യ ചർച്ചകൾ) എങ്ങനെ പോയാലും, സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും ഭാരതീയ ജനത പാർട്ടി അതിൻ്റെ പ്രകടനം മെച്ചപ്പെടുത്തും', ഷാ കൂട്ടിച്ചേർത്തു.