റാഞ്ചി (ജാർഖണ്ഡ്): കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. മൂന്ന് തവണ നേരിട്ട പരാജയം അംഗീകരിക്കാതെ രാഹുൽ അഹങ്കരിക്കുകയാണെന്ന് അമിത് ഷാ. തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷം അഹങ്കാരം വരുന്നവരാണ് ജാർഖണ്ഡിൽ അധികാരത്തിലിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാൽ തോറ്റതിന് ശേഷവുമുള്ള അഹങ്കാരം ആദ്യമായാണ് കാണുന്നതെന്നും അദ്ദേഹം. റാഞ്ചിയിൽ നടന്ന ജാർഖണ്ഡ് ബിജെപി പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ആരാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്? അത് എല്ലാവർക്കും അറിയാം, എന്നാൽ കോൺഗ്രസിന്‍റെ ധാർഷ്‌ട്യം നാമെല്ലാവരും കണ്ടതാണ്. പാർലമെന്‍റിലെ രാഹുൽ ഗാന്ധിയുടെ പെരുമാറ്റം അതിരുകടന്നതാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
കഴിഞ്ഞ 10 വർഷത്തിനിടെ ജാർഖണ്ഡിനെ മാവോയിസ്റ്റുകളിൽ നിന്നും മുക്തമാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കോൺഗ്രസ് ജാർഖണ്ഡിന്‍റെ വികസനത്തിന് 84,000 കോടി രൂപ നൽകിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് നൽകിയത് 3,84,000 കോടി രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്നും ആഭ്യന്തര മന്ത്രി വിമര്‍ശിച്ചു.
ALSO READ: എക്‌സില്‍ ഫോളോവേഴ്‌സ് കൂടുതലുള്ള ലോകനേതാവ്; മോദിക്ക് അഭിനന്ദനവുമായി മസ്‌ക്