അഹമ്മദാബാദ് : പൗരത്വ ഭേദഗതി നിയമം എന്നത് പൗരത്വം നൽകാനുള്ള നിയമമാണ്, പൗരത്വം എടുത്തുകളയാനുള്ള നിയമമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഹമ്മദാബാദിൽ നടന്ന പൗരത്വ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിലൂടെ നരേന്ദ്ര മോദി സർക്കാർ അയൽ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ദശലക്ഷക്കണക്കിന് അഭയാർഥികൾക്ക് നീതിയും അവകാശവും നൽകിയെന്നും, ഇന്ന് ചരിത്ര ദിനമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കോൺഗ്രസിന്‍റെ ദീർഘകാല ഭരണത്തിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഹിന്ദു, സിഖ്, ജൈന, ബുദ്ധ അഭയാർഥികൾക്ക് പതിറ്റാണ്ടുകളായി നീതി ലഭിച്ചിരുന്നില്ല. വിഭജന സമയത്ത് ഹിന്ദുക്കൾക്കും ജൈനർക്കും ബുദ്ധമതക്കാർക്കും സിഖുകാർക്കും ഇന്ത്യൻ പൗരത്വം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ അവര്‍ ഗാന്ധിധാമിലേക്ക് ലോറികൾ ഓടിക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് അമിത് ഷാ കൂട്ടിചേർത്തു
ഇന്നത്തെ ചടങ്ങിൽ 2019ൽ പാർലമെന്‍റിൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം ഏകദേശം 188 അഭയാർഥികൾക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി. അയൽ രാജ്യങ്ങളിൽ നിന്നുള്ള കൊടിയ പീഡനം സഹിച്ച് ഇന്ത്യയിൽ അഭയം തേടുന്നവർക്ക് പൗരത്വം നൽകുകയാണ് ഇത് ലക്ഷ്യമിടുന്നത്. സിഎഎ പ്രകാരം പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഭജനസമയത്ത് അഭയാർഥികൾക്ക് നൽകിയ വാഗ്‌ദാനങ്ങളെല്ലാം കോൺഗ്രസ് വളരെ പെട്ടന്ന് തന്നെ മറന്നു. കോൺഗ്രസിൻ്റെ വോട്ട് ബാങ്ക്, മുസ്‌ലീം പ്രീണന രാഷ്‌ട്രീയം കാരണം ഹിന്ദുക്കൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിച്ചില്ല. അനധികൃതമായി രാജ്യത്തെത്തിയ കോടിക്കണക്കിന് ബംഗ്ലാദേശി മുസ്‌ലീങ്ങൾക്ക് കോൺഗ്രസ് പൗരത്വം നൽകിയെന്നും അമിത് ഷാ ആരോപിച്ചു.
സിഎഎ പ്രകാരം ആർക്കും പൗരത്വം നഷ്‌ടപ്പെടില്ലെന്നും അമിത് ഷാ അറിയിച്ചു. "2019-ൽ സിഎഎ നിയമം കൊണ്ടുവരാൻ എനിക്ക് അവസരം ലഭിച്ചു. ഈ അവസരം ലഭിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു. സിഎഎ നിയമം ഒരു മുസ്‌ലീം പൗരനും പൗരത്വം നഷ്‌ടപ്പെടുത്തില്ല, ഈ നിയമം പൗരത്വം നൽകാനുള്ള നിയമമാണ്, പൗരത്വം എടുത്തുകളയാനുള്ള നിയമമല്ല"- അദ്ദേഹം പറഞ്ഞു.
മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ രാജ്യത്തിന്‍റെ ജനാധിപത്യം സ്വജനപക്ഷപാതത്തിലും അഴിമതിയിലും ജാതീയതയിലും പ്രീണനത്തിലും കുടുങ്ങിക്കിടക്കുന്നതെങ്ങനെയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം ഈ സാഹചര്യം മാറ്റി എല്ലാ പൗരന്മാർക്കും തുല്യ അവസരങ്ങൾ സൃഷ്‌ടിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
കശ്‌മീരിനോട് അനീതി കാണിക്കുന്ന ആർട്ടിക്കിൾ 370 മോദി സർക്കാർ എടുത്തുകളഞ്ഞു. പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചാൽ പാകിസ്ഥാൻ അനാഥരുടെ കുട്ടികൾ എംപിമാരും എംഎൽഎമാരും ആകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 188 പൗരന്മാർ നമ്മുടെ കുടുംബത്തിൽ ചേർന്നതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും സമ്മേളനത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. "സ്വാതന്ത്ര്യസമയത്ത് നിരവധി ഹിന്ദുക്കൾ പാകിസ്ഥാനിലും ബംഗ്ലാദേശിലും താമസിച്ചിരുന്നു. ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകി അവരെ പാർപ്പിക്കാൻ മഹാത്മാഗാന്ധി അഭ്യർഥിച്ചു. സിഎഎ പ്രകാരം 188 പേർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇതോടെ ലോകം ഒരു കുടുംബമാണെന്ന തോന്നൽ സഫലമാകുന്നു.പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. രാജ്യത്ത് സമാധാനവും ആഭ്യന്തര സുരക്ഷയും സ്ഥാപിച്ചിട്ടുണ്ട്" അദ്ദേഹം പറഞ്ഞു.