അംബാല: ഹരിയാനയിലെ അംബാല റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന തീവണ്ടി ബോഗി കത്തി നശിച്ചു. ഇന്ന് വൈകിട്ട് അംബാല സിറ്റി റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ട്രെയിനിനകത്ത് ജീവനക്കാര്‍ ഗ്യാസ് അടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ തീ പടരുകയായിരുന്നു.
ബോഗിയിൽ നിന്ന് തീ പടരുന്നത് കണ്ട് സ്‌റ്റേഷനിലുണ്ടായിരുന്ന ജനങ്ങൾ പരിഭ്രാന്തരായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണയ്‌ക്കാനായത്.
റെയിൽവേ ജീവനക്കാർ ബോഗിക്കുള്ളില്‍ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ പെട്ടെന്ന് തീപിടിത്തമുണ്ടായെന്നും, ഈ സമയത്ത് ബോഗിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് സിലിണ്ടറുകളിൽ ഒന്ന് പൊട്ടിത്തെറിച്ചെന്നുമാണ് റിപ്പോർട്ട്. തീപിടിത്തമുണ്ടായി ഉടന്‍ തന്നെ മൂന്നോളം ഫയര്‍ എഞ്ചിനുകളുമായി അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്‌ക്കാന്‍ ശ്രമമാരംഭിച്ചു.
റെയിൽവേ ജീവനക്കാർ ബോഗിയിൽ പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.