ഭരത്പൂര്‍: പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ പുരുഷോത്തം ചൗധരി വികസിപ്പിച്ചെടുത്ത ഒരു ജാക്കറ്റാണ് ഇപ്പോള്‍ രാജസ്ഥാനിലെ ചര്‍ച്ചാ വിഷയം. കൊടുംതണുപ്പില്‍ ചൂട് പകരുന്ന ഒരു ജാക്കറ്റാണ് ഈ കൊച്ചുമിടുക്കന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കേവലം 800 രൂപ മാത്രം വിലയുള്ള ഈ ജാക്കറ്റ് കൊടും തണുപ്പില്‍ പണിയെടുക്കേണ്ടി വരുന്ന കര്‍ഷകരെയും പട്ടാളക്കാരെയും ലക്ഷ്യമിട്ടാണ് പുരുഷോത്തം വികസിപ്പിച്ചിരിക്കുന്നത്.
തണുപ്പിനെ പ്രതിരോധിക്കുക മാത്രമല്ല ഈ ജാക്കറ്റ് ചെയ്യുന്നത്. ഇതിന് വേറെ പല സവിശേഷതകളുമുണ്ട്. മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്. കൂടാതെ വൈദ്യുതിക്ക് പുറമെ സൂര്യപ്രകാശത്തില്‍ നിന്ന് വളരെ കുറച്ച് സമയം കൊണ്ട് ഈ ജാക്കറ്റ് ചാര്‍ജ് ചെയ്യാനും സാധിക്കും. ഈ ജാക്കറ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്തൊക്കെയാണ് ഇതിന്‍റെ പ്രത്യേകതകളെന്നും പരിശോധിക്കാം.
ഭരത്പൂരിലെ സെവാര്‍ മേഖലയിലെ വിസ്‌ദ ജില്ലയിലെ മഹാത്മാഗാന്ധി സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പുരുഷോത്തം ചൗധരി. കൊടുംതണുപ്പില്‍ അതിര്‍ത്തി കാക്കുന്ന സൈനികരെക്കുറിച്ചുള്ള ഒരു സിനിമ കണ്ടതോടെയാണ് തന്‍റെ ഉള്ളില്‍ ഇവര്‍ക്ക് ചൂട് പകരുന്ന ഒരു ജാക്കറ്റ് നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത ഉണ്ടായതെന്ന് പുരുഷോത്തം പറഞ്ഞു. അധികം ഭാരമുള്ളതാകരുത് ഈ ജാക്കറ്റ് എന്നും താന്‍ ചിന്തിച്ചു.
ഇതിനായി ഒരു സാധാരണ ജാക്കറ്റ് താന്‍ വാങ്ങി. പിന്നെ ഇതില്‍ ചൂട് ഉത്പാദിപ്പിക്കുന്ന ഒരു വസ്‌തു ഘടിപ്പിച്ചു. തിരിക്കാവുന്ന ഒരു സ്വിച്ചും ഘടിപ്പിച്ചു. ഒരു ബാറ്ററിയും പവര്‍ ബാങ്കും ഉള്‍പ്പെടുത്തി. ബാറ്ററിയടക്കം എല്ലാ വസ്‌തുക്കള്‍ക്കുമായി 800 രൂപയാണ് ചെലവ് വന്നത്.
സൗരോര്‍ജ്ജം കൊണ്ട് ഈ ജാക്കറ്റ് ചാര്‍ജ് ചെയ്യാനാകുമെന്ന പുരുഷോത്തം പറയുന്നു. ഇതില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു സോളാര്‍ പാനല്‍ വഴിയാണ് ഇത് സാധ്യമാകുക. കുറച്ച് സമയം മാത്രമേ ചാര്‍ജ് ചെയ്യാന്‍ അവശ്യമുള്ളൂ. പൂര്‍ണമായും ചാര്‍ജ് ചെയ്‌ത ജാക്കറ്റ് നാല് മണിക്കൂര്‍ ചൂടില്‍ നിന്ന് സംരക്ഷണമൊരുക്കും. ദിവസം മുഴുവന്‍ ഇത് ധരിക്കണമെങ്കില്‍ ജോലി ചെയ്യുമ്പോഴും സൂര്യപ്രകാശത്തില്‍ നിന്ന് തന്നെ നേരിട്ട് ചാര്‍ജ് ചെയ്യാനാകും.
ചൂട് നല്‍കുന്ന സംവിധാനത്തിന് പുറമെ മറ്റ് ചില അത്യാവശ്യ സൗകര്യങ്ങളും ഇത് രൂപപ്പെടുത്തുമ്പോള്‍ ആലോചിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്ത അങ്ങനെയാണ് ഉണ്ടായത്. അതിനായി പവര്‍ ബാങ്ക് സൗകര്യം ഉള്‍പ്പെടുത്തി. പണി ചെയ്യുമ്പോഴും മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ ഇത് വഴി സാധിക്കുന്നു. ആളുകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനും വിധത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ താന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും പുരോഷത്തം വ്യക്തമാക്കി.