അല്‍മോറ (ഉത്തരാഖണ്ഡ്) : അൽമോറ ജില്ലയിലെ ബിൻസാർ വന്യജീവി സങ്കേതത്തിലെ കാട്ടുതീയിൽ നാല് പേർ മരിച്ചു. അപകടത്തിൽ നാല് പേരുടെ നില അതീവഗുരുതരമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ അടിയന്തര വൈദ്യസഹായത്തിനായി ബേസ് ആശുപത്രിയിലേക്ക് മാറ്റി.
ശക്തമായ കാറ്റിനെ തുടർന്ന് തീ ആളിപടര്‍ന്ന് അഗ്നിരക്ഷ സേനാംഗങ്ങള്‍ അപകടത്തില്‍ പെടുകയായിരുന്നു എന്ന് വനംവകുപ്പ് റേഞ്ചർ മനോജ് സൻവാൾ പറഞ്ഞു. ബിൻസാർ വന്യജീവി സങ്കേതമായ അൽമോറയിൽ രാവിലെ മൂന്ന് മണിയോടെ തീപിടിത്തം ഉണ്ടായതായി വിവരം ലഭിച്ചു. തുടർന്ന് വനംവകുപ്പ് ജീവനക്കാരും പിആർഡി ജവാൻമാരും ഉൾപ്പെടെ എട്ട് പേരടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയെന്ന് അദ്ദേഹം സൂചിപ്പിച്ചു.
'ശക്തമായ കാറ്റ് കാരണം തീ ആളിക്കത്തുകയും 4 പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്‌തു. അപകടത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു എന്നും അവരെ ബേസ് ഹോസ്‌പിറ്റലിലേക്ക് റഫർ ചെയ്‌തിട്ടുണ്ട്' - മനോജ് സൻവാൾ കൂട്ടിച്ചേർത്തു.
സംഭവത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധമി ദുഃഖം രേഖപ്പെടുത്തി. അതേസമയം, മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.