ന്യൂഡല്‍ഹി: സഖ്യസാധ്യതകള്‍ക്ക് തങ്ങള്‍ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന നിമിഷം വരെ സഖ്യ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി(Mallikarjun Kharge).
ചര്‍ച്ചയിലൂടെ എന്ത് ധാരണയിലും എത്തിച്ചേരാം. എന്നാല്‍ ഏകപക്ഷീയ പ്രഖ്യാപനത്തിലൂടെ സാധ്യമല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി(Alliance Can Happen Anytime).
കൊല്‍ക്കത്തയില്‍ നടന്ന ഒരു പൊതുസമ്മേളനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുന്‍മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി സംസ്ഥാനത്തെ 42 സീറ്റുകളിലെയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് തങ്ങള്‍ സഖ്യത്തിനുള്ള എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും എപ്പോള്‍ വേണമെങ്കിലും സഖ്യം സംഭവിക്കാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്‌തമാക്കിയത്(TMC).
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി ന്യായമായ സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ക്കുള്ള താത്പര്യം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് വ്യക്തമാക്കിയതാണെന്ന് ജനറല്‍ സെക്രട്ടറി ജയറാം രമേഷും പറഞ്ഞു. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ വേണമെന്നും ഏകപക്ഷീയ പ്രഖ്യാപനങ്ങള്‍ പാടില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു(congress).
ബിജെപിയെ നേരിടാന്‍ ഇന്ത്യ സഖ്യം വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ പക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമബംഗാളിലെ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് കോണ്‍ഗ്രസും ടിഎംസിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാനാകില്ലെന്നായിരുന്നു മമതയുടെ നിലപാട്. കോണ്‍ഗ്രസിന് പശ്ചിമബംഗാളില്‍ രണ്ട് പാര്‍ലമെന്‍റംഗങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ പശ്ചാത്തലത്തിലായിരുന്നു മമതയുടെ രണ്ട് സീറ്റ് വാഗ്ദാനം. ടിഎംസി ഇന്ത്യ മുന്നണിയ്ക്കൊപ്പമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി പോരാടണമെന്നും മമത ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നുണ്ട്.
നിലവിലുള്ള രണ്ട് സീറ്റുകള്‍ക്ക് പുറമെ ഡാര്‍ജലിങ്, റായ്‌ഗഞ്ച്, മുര്‍ഷിദാബാദ്, പുരുലിയ ലോക്‌സഭ സീറ്റുകള്‍ കൂടി തങ്ങള്‍ക്ക് വേണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്. ഇതില്‍ മുര്‍ഷിദാബാദ് സീറ്റില്‍ കഴിഞ്ഞ തവണ തൃണമൂലാണ് വിജയിച്ചത്. ബാക്കിയുള്ള സീറ്റുകള്‍ ബിജെപിയാണ് നേടിയത് (lok sabha election 2024).
വിജയിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ടെങ്കില്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. ബംഗാളില്‍ അവര്‍ക്ക് രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ ഇല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ഭരണകക്ഷിയായ തൃണമൂല്‍ 22 സീറ്റുകളാണ് നേടിയതെന്ന് മനസിലാക്കാനാകും. ബിജെപി പതിനെട്ട് സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് കേവലം രണ്ട് സീറ്റ് കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വോട്ട് പങ്കാളിത്തം 2.93 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും തൃണമൂല്‍ ചൂണ്ടിക്കാട്ടുന്നു.
Also Read:രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്നുറച്ച് തൃണമൂല്‍; 'ഇന്ത്യ'യില്‍ അനിശ്ചിതത്വം