മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രധാനമന്ത്രി മോദിയും അമിത്‌ഷായും നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യക്ക് (സെബി) പരാതി നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി സില്‍വര്‍ ഓക്കില്‍ ഇത് സംബന്ധിച്ച് നേരത്തെ കൂടിക്കാഴ്‌ച നടത്തി. എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ വന്‍തോതില്‍ കുംഭകോണം നടന്നതെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് സഖ്യത്തിന്‍റെ ആവശ്യം.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ദിവസം ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് ഉണ്ടാകുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രി അമിത് ഷായും പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം വിപണി കൂപ്പ് കുത്തുന്ന കാഴ്‌ചയാണ് ഉണ്ടായത്. ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആരോപണമുയര്‍ത്തിയിരുന്നു. ഇന്ന് ഇന്ത്യ മുന്നണി നേതാക്കള്‍ മുംബൈയിലെ സെബി ആസ്ഥാനത്ത് എത്തി പരാതി നല്‍കുകയായിരുന്നു.
തൃണമൂല്‍ എംപിമാര്‍ തന്നെ സംബന്ധിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശരദ് പവാര്‍ എക്‌സില്‍ കുറിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ കല്യാണ്‍ ബാനര്‍ജി, സാഗരിക ഘോഷ്, സാകേത് ഗോഖലെ എന്നിവര്‍ മുംബൈയിലെത്തി ഓഹരി വിപണിയിലെ കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയതായി അദ്ദേഹം എക്‌സില്‍ കുറിച്ചു. ശിവസേന താക്കറെ വിഭാഗം എംപി അരവിന്ദ് സാവന്ത്, എംപി സുപ്രിയ സുലെ, മുന്‍ എംഎല്‍എ വിദ്യ ചവാന്‍ എന്നിവരും സില്‍വര്‍ ഓക്ക് സന്ദര്‍ശനത്തില്‍ സന്നിഹിതരായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഓഹരികള്‍ വാങ്ങാന്‍ അമിത് ഷാ തെരഞ്ഞെടുപ്പ് വേളയില്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് തൃണമൂല്‍ പാര്‍ട്ടി നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു. ജൂണ്‍ 4ന് ഓഹരികളുടെ മൂല്യത്തില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന വാഗ്‌ദാനവും അദ്ദേഹം പങ്കുവച്ചു. എക്‌സിറ്റ് പോളുകള്‍ മാധ്യമങ്ങളാണ് നടത്തിയത്. ജനങ്ങളില്‍ വിശ്വാസമുണ്ടാക്കാന്‍ സെബി അന്വേഷണം നടത്തേണ്ടതുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ മുപ്പത് ലക്ഷം കോടിയുടെ നഷ്‌ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്. അതേസമയം ഓഹരിവിപണിയിലെ വിഷയങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന എല്ലാ ആരോപണങ്ങളെയും ബിജെപി നിഷേധിച്ചു. വ്യാജ എക്‌സിറ്റ് പോള്‍ ഉപയോഗിച്ച് ഓഹരിവിപണിയില്‍ കുംഭകോണം നടന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയും ആവശ്യപ്പെട്ടു.
Also Read: ഓഹരി തട്ടിപ്പ് ആരോപണം; അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ്