ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെൻ്റിൽ ഇന്ന് (ജൂലൈ 21) സർവകക്ഷി യോഗം ചേര്‍ന്നു. പാര്‍ലമെന്‍റികാര്യ മന്ത്രി കിരൺ റിജിജുവിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കൾ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, ജെപി നദ്ദ, അർജുൻ റാം മേഘ്‌വാൾ, രാംദാസ് അത്താവലെ, പ്രഫുൽ പട്ടേൽ, ചിരാഗ് പാസ്വാൻ, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ, ജനസേനാ പാർട്ടി നേതാവ് ബാല കൃഷ്‌ണ, ബിജെഡി നേതാവ് സസ്‌മിത് പത്ര, ജെഡിയു നേതാവ് സഞ്ജയ് ഝാ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.
പശ്ചിമ ബംഗാളിലെ 'ഷാഹിദി ദിവസ്' (രക്തസാക്ഷിത്വ ദിനം) ആചരിക്കുന്നതിനാലാണ് നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ക്ഷണപ്രകാരം സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കൊൽക്കത്തയിൽ ഷാഹിദി ദിവസ് ആചരിക്കാന്‍ എത്തിയതിനാല്‍ അദ്ദേഹത്തിനും യോഗത്തില്‍ പങ്കെടുക്കാനായില്ല.
'നാളെ പാർലമെൻ്റ് സമ്മേളനം ആരംഭിക്കുന്നതിനാൽ ഈ കൂടിക്കാഴ്‌ച ഔപചാരികമയ ചടങ്ങാണ്. എന്നിരുന്നാലും പൊതുപ്രശ്‌നങ്ങൾ ഉന്നയിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത് ഞങ്ങൾ തീർച്ചയായും ചെയ്യും. ചര്‍ച്ചചെയ്യുന്ന ഏറ്റവും വലിയ പ്രശ്‌നം നീറ്റ് ആയിരിക്കും. നീറ്റ് റദ്ദാക്കേണ്ടതുണ്ട്' എന്ന് സിപിഐ എംപി പി സന്തോഷ് കുമാർ യോഗത്തിന് മുന്നോടിയായി പറഞ്ഞു.
'മണിപ്പൂർ ഉൾപ്പെടെയുള്ള ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ, ജമ്മു കശ്‌മീരിലെ സാഹചര്യം, യുപിയിലെ വർഗീയ ധ്രുവീകരണം, പരീക്ഷ തട്ടിപ്പുകൾ, തൊഴിലവസരങ്ങൾ ഇല്ലായ്‌മ എന്നിവയെല്ലാം സഭയിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന്' സിപിഐ എംപി ജോൺ ബ്രിട്ടാസ് പറഞ്ഞു. 'സഭയില്‍ സംവാദങ്ങളും ചർച്ചകളും ഉണ്ടാകണം. കഴിഞ്ഞ 10 വർഷമായി ഇത്തരത്തിലുളള സംവാദങ്ങള്‍ നടക്കുന്നില്ല. സർക്കാർ അടിസ്ഥാന യാഥാർഥ്യം മനസിലാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.