പുരി: ഭഗവന്‍ ജഗന്നാഥന്‍റെ ഭക്തര്‍ക്ക് ഇന്ന് വിശേഷപ്പെട്ട ദിനം ആയിരുന്നു. പ്രധാന ചാര്‍ധാമുകളിലൊന്നായ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രത്തിന്‍റെ നാല് കവാടങ്ങളും നാല് വര്‍ഷത്തിന് ശേഷം ഭക്തര്‍ക്കായി വീണ്ടും തുറന്ന് കൊടുത്തു. അടുത്തിടെ സംസ്ഥാനത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്‌ദാനം കൂടിയാണ് നിറവേറ്റപ്പെട്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ രാഷ്‌ട്രീയമായും ഈ തീരുമാനത്തിന് ഏറെ പ്രാധാന്യമുണ്ട്.
തന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ ഒന്ന് നിറവേറ്റപ്പെട്ടിരിക്കുന്നുവെന്ന് പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം പറഞ്ഞു. ക്ഷേത്രത്തിന്‍റെ നാല് കവാടങ്ങളും ഭക്‌തര്‍ക്കായി തുറന്ന് നല്‍കിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനം എടുത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിന്‍റെ വികസനത്തിനായി അഞ്ഞൂറ് കോടി രൂപ നല്‍കാനുള്ള തീരുമാനവും എടുത്ത ശേഷമാണ് മാജി ക്ഷേത്ര ദര്‍ശനത്തിന് എത്തിയത്.
ക്ഷേത്ര കവാടങ്ങള്‍ അടച്ചിട്ടിരുന്നത് ഭക്തരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തോടെയാണ് ക്ഷേത്ര കവാടങ്ങള്‍ മുന്‍ ബിജെഡി സര്‍ക്കാര്‍ അടച്ചിട്ടത്. എല്ലാ മന്ത്രിമാരും ബുധനാഴ്‌ച രാത്രി തന്നെ പുരിയില്‍ എത്തിയിരുന്നുവെന്നും അത് കൊണ്ട് തന്നെ നാല് കവാടങ്ങളും തുറക്കുന്ന സമയത്ത് എല്ലാ മന്ത്രിമാരുടെയം സാന്നിധ്യം ഉണ്ടായിരുന്നു.
നെല്ലിന്‍റെ താങ്ങുവില ക്വിന്‍റലിന് 3100 രൂപയായി വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. താങ്ങുവില അടക്കമുള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായി സമൃദ്ധ കര്‍ഷക് നീതി യോജന എന്ന നയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ കര്‍മ്മ പരിപാടിയും മാര്‍ഗനിര്‍ദ്ദേശങ്ങളും തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്‍ ബിജെഡി സര്‍ക്കാരിന്‍റെ വനിത ശാക്തീകരണ-ശിശുക്ഷേമ പദ്ധതികള്‍ പാളിപ്പോയെന്നും മാജി ആരോപിച്ചു. അത് കൊണ്ട് പുതിയ സര്‍ക്കാര്‍ സുഭദ്ര യോജന 100 ദിവസത്തിനുള്ളില്‍ ആവിഷ്‌ക്കരിക്കും. പദ്ധതി പ്രകാരം എല്ലാ സ്‌ത്രീകള്‍ക്കും അന്‍പതിനായിരം രൂപയുടെ ക്യാഷ് വൗച്ചറുകള്‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ജഗന്നാഥ ക്ഷേത്ര ദര്‍ശനം
മുഖ്യമന്ത്രി മോഹന്‍ മാജിക്കൊപ്പം ഉപമുഖ്യമന്ത്രിമാരായ കെ വി സിങ് ദിയോയും പ്രഭാതി പരിദയും ജഗന്നാഥ ദര്‍ശനത്തിനെത്തി. മൂന്ന് പേരും പ്രാര്‍ത്ഥനകള്‍ നടത്തി. പുരി എംപി സാംബിത് പത്ര, ബാലസോര്‍ എംപി പ്രതാപ് ചന്ദ്ര സാരംഗി, മറ്റ് മന്ത്രിമാര്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്ര കവാടങ്ങള്‍ തുറക്കാന്‍ ഇന്നലെ മന്ത്രിസഭ നല്‍കിയ നിര്‍ദ്ദേശം ഇന്ന് പുലര്‍ച്ചെ ആറരയ്ക്ക് നടപ്പായെന്നും മാജി വ്യക്തമാക്കി. മംഗളാരതിയില്‍ പുരി എംപി സാംബിത് പത്രയും എംഎല്‍എമാരും തനിക്കൊപ്പം പങ്കെടുത്തെന്നും മാജി പറഞ്ഞു.
Also Read: പുരി വിമാനത്താവളം; 1000 ഏക്കർ സ്ഥലം കണ്ടെത്തിയതായി റിപ്പോർട്ട്