ഹൈദരാബാദ്: 2024ലെ ഇടക്കാല ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു രാജ്യത്തെ വിമാനത്താവളങ്ങൾ വികസിപ്പിക്കുമെന്നതും കൂടുതല്‍ വിമാനത്താവളങ്ങൾ അനുവദിക്കുമെന്നതും. ബജറ്റ് പ്രഖ്യാപനത്തിലടക്കം വലിയ പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യൻ വ്യോമയാന മേഖലയുടെ ഭാവി ശോഭനമാണോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
ലാഭകരമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളുടെ കണക്കും നഷ്‌ടത്തില്‍ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളുടെ കണക്കും പുറത്തുവന്നിട്ടുണ്ട്. ലാഭകരമായി പ്രവർത്തിക്കുന്നവയില്‍ കേരളത്തില്‍ നിന്ന് കൊച്ചിയും കരിപ്പൂരും മാത്രമാണുള്ളത്. ഒന്നാം സ്ഥാനത്ത് ബെംഗളൂരു വിമാനത്താവളമാണുള്ളത്. ലാഭകരമായി പ്രവർത്തിക്കുന്നവയില്‍ കൊച്ചി രണ്ടാം സ്ഥാനത്തുള്ളപ്പോൾ ഹൈദരാബാദ് വിമാനത്താവളമാണ് മൂന്നാം സ്ഥാനത്തുള്ളത്. കൊല്‍ക്കത്ത നാലാം സ്ഥാനത്തും ചെന്നൈ അഞ്ചാം സ്ഥാനത്തുമാണ്. ആറാമതാണ് കരിപ്പൂർ വിമാനത്താവളം. തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ഭുവനേശ്വർ ഛണ്ഡിഗഡ് വിമാനത്താവളങ്ങളാണ് യഥാക്രമം ഏഴ് മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.
നഷ്‌ടത്തില്‍ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാം സ്ഥാനത്ത് അഹമ്മദാബാദ് എയർപോർട്ടാണുള്ളത്. ഡല്‍ഹിയും ലഖ്‌നൗവും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിടുന്നു. നഷ്‌ടക്കണക്കില്‍ കേരളത്തിലെ കണ്ണൂർ വിമാത്താവളം അഞ്ചാം സ്ഥാനത്തുണ്ട്. തിരുവനന്തപുരം എട്ടാം സ്ഥാനത്തുള്ളപ്പോൾ മുംബൈ വിമാനത്താവളം നഷ്‌ടത്തില്‍ 11-ാം സ്ഥാനത്താണ്.
കണക്കിങ്ങനെ: ബെംഗളൂരു വിമാനത്താവളം 528.3 കോടി രൂപ ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. കൊച്ചി വിമാനത്താവളം 267.1 കോടി രൂപ ലാഭത്തില്‍ പ്രവർത്തിക്കുമ്പോൾ കരിപ്പൂരിന്‍റെ ലാഭം 95.3 കോടിയാണ്.
നഷ്‌ടക്കണക്കെടുത്താല്‍ അഹമ്മദാബാദ് 408 കോടിയുടെ നഷ്‌ടത്തിലാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ വിമാനത്താവളം 131.9 കോടി രൂപ നഷ്‌ടത്തിലും തിരുവനന്തപുരം വിമാനത്താവളം 110.1 കോടി നഷ്‌ടത്തിലുമാണ് പ്രവർത്തിക്കുന്നതെന്നാണ് കണക്കുകൾ.