കേദാർനാഥ്: അറ്റകുറ്റപ്പണികൾക്കായി എയര്‍ലിഫ്റ്റ് ചെയ്‌ത ഹെലികോപ്റ്റർ കേദാർനാഥിൽ തകർന്നുവീണു. എംഐ-17 വിമാനത്തില്‍ ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹെലികോപ്‌ടര്‍ താഴെ വീണത്. അപകടത്തില്‍ ആളപായമില്ല.
ഹെലികോപ്‌ടര്‍ ഉയർത്തുന്നതിനിടെ MI-17 വിമാനത്തിന്‍റെ ബാലൻസ് നഷ്‌ടപ്പെടുകയായിരുന്നു. അപകടം മനസിലാക്കിയ പൈലറ്റ് ഹെലികോപ്‌ടര്‍ താഴ്‌വരയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് ഇടുകയായിരുന്നു. ഹെലികോപ്‌ടറിൽ യാത്രക്കാരോ ലഗേജുകളോ ഉണ്ടായിരുന്നില്ല.
'എംഐ-17 വിമാനത്തിന്‍റെ സഹായത്തോടെ ശനിയാഴ്‌ച ഹെലികോപ്‌ടർ ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകാനായിരുന്നു പദ്ധതി. കുറച്ച് ദൂരം പിന്നിട്ടപ്പോൾ തന്നെ ഹെലികോപ്‌ടറിന്‍റെ ഭാരവും ശക്തമായ കാറ്റും കാരണം എംഐ-17-ന്‍റെ ബാലൻസ് നഷ്‌ടപ്പെടാൻ തുടങ്ങി. ഹെലികോപ്റ്റർ തരു ക്യാമ്പിന് സമീപം ഇടേണ്ടി വന്നു.'- ജില്ലാ ടൂറിസം ഓഫീസർ രാഹുൽ ചൗബെ വിശദീകരിച്ചു.
സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും ചൗബെ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം നേരത്തെ ഓഗസ്റ്റ് 24-ന് പൂനെയിൽ ഒരു വ്യോമയാന കമ്പനിയുടെ സ്വകാര്യ ഹെലികോപ്റ്റർ മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ പോഡ് ഗ്രാമത്തിന് സമീപം തകർന്നുവീണിരുന്നു.
ഹെലികോപ്റ്ററിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ക്യാപ്റ്റന് പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെലികോപ്‌ടറിന്‍റെ തകർച്ചയുടെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.
Also Read : പൂനെയില്‍ ഹെലികോപ്‌ടര്‍ തകര്‍ന്ന് വീണു; ക്യാപ്റ്റന് ഗുരുതര പരിക്ക്