ന്യൂഡൽഹി : ഇറാനും ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ താത്‌കാലികമായി നിർത്തിവയ്ക്കാൻ എയർ ഇന്ത്യ ഇന്ന് തീരുമാനിച്ചു. ഡൽഹിക്കും ടെൽ അവീവിനും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ തത്‌കാലം നിർത്തിവയ്‌ക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
എയർ ഇന്ത്യ ദേശീയ തലസ്ഥാനത്തിനും ഇസ്രയേലി നഗരത്തിനുമിടയിൽ ആഴ്‌ചയിൽ നാല് വിമാനങ്ങളാണ് നടത്തുന്നത്. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കാരിയർ ഏകദേശം അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 3 നാണ് ടെൽ അവീവിലേക്ക് സർവീസ് പുനരാരംഭിച്ചത്.
ഇസ്രയേൽ നഗരത്തിന് നേരെയുള്ള ഹമാസ് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ 2023 ഒക്‌ടോബർ 7 മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു. ശനിയാഴ്‌ചയാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇറാന്‍റെ വ്യോമാതിർത്തി ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്.
ഇസ്രയേൽ, ഇറാൻ യുദ്ധത്തിന്‍റെ പിരിമുറുക്കങ്ങൾ കാരണം മേഖലയിലെ റൂട്ടുകളിൽ മാറ്റം വരുത്തിയേക്കാമെന്നും അതുവഴിയുള്ള വിമാനങ്ങൾക്ക് കൂടുതൽ സമയമെടുക്കുമെന്നും വിസ്‌താര അറിയിച്ചു. ഇസ്രയേൽ എയർലൈൻസ്, എയർ ഇന്ത്യ എന്നീ രണ്ട് എയർലൈനുകളാണ്, ഇസ്രയേലിനും ഇന്ത്യയ്ക്കും ഇടയിൽ വിമാന സർവീസ് നടത്തുന്നു.
ഇസ്രയേലിലേക്കും പുറത്തേക്കും ഉള്ള ഫ്ലൈറ്റ് പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും അധികൃതർ അറിയിച്ചു. പലസ്‌തീനിലെ യുദ്ധത്തിനും ഇസ്രയേൽ-ഇറാൻ മത്സരത്തിനും ഇടയിൽ പ്രദേശത്ത് സംഘർഷം രൂക്ഷമാകുമ്പോൾ, ഇറാനിലേക്കുള്ള യാത്രയിൽ നിന്ന് വിട്ടുനിൽക്കാൻ പൗരന്മാരോട് അഭ്യർഥിച്ച് ഇന്ത്യൻ സർക്കാർ ഒരു ഉപദേശവും നൽകിയിട്ടുണ്ട്.
ഇറാനും ഇസ്രയേലും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തെ തുടർന്ന് വിമാന പാത മാറ്റുന്നത് സംബന്ധിച്ച് വിസ്‌താര എയർലൈൻസ് പ്രസ്‌താവന ഇറക്കി. വിസ്‌താര എയർലൈൻസ് പ്രസ്‌താവനയിൽ പറഞ്ഞു, 'മിഡിൽ ഈസ്‌റ്റിന്‍റെ ചില ഭാഗങ്ങളെ ബാധിക്കുന്ന നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഞങ്ങളുടെ ചില ഫ്ലൈറ്റുകളുടെ പാതകളിൽ മാറ്റങ്ങൾ വരുത്തുന്നു' എന്നാണ് അറിയിപ്പ്. ഇത് ചില റൂട്ടുകളിൽ ഫ്ലൈറ്റുകൾ സമയം വൈകാനും കാരണമായേക്കാം. സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്, ആവശ്യമെങ്കിൽ കൂടുതൽ മാറ്റങ്ങൾ വരുത്തും' -വിസ്‌താര വക്താവ് പറഞ്ഞു.