ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിലെ ഇക്കോണമി വിഭാഗത്തിനുള്ള സൗജന്യ ക്യാബിൻ ബാഗേജ് അലവൻസ് 20 കിലോയിൽ നിന്ന് 15 കിലോയാക്കി എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ കഴിഞ്ഞ ഓഗസ്‌റ്റിൽ അവതരിപ്പിച്ച മെനു അധിഷ്‌ഠിത വിലനിർണയ മോഡലിലെ ഫെയർ ഫാമിലികളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
കംഫർട്ട്, കംഫർട്ട് പ്ലസ്, ഫ്ലെക്‌സ് എന്നീ മൂന്ന് ഫെയർ ഫാമിലികളാണുള്ളത്. അവ വ്യത്യസ്‌ത വില നിരക്കില്‍ പല തലത്തിലുള്ള ആനുകൂല്യങ്ങളും നിയന്ത്രണങ്ങളും വാഗ്‌ദാനം ചെയ്യുന്നു. ഇത് പ്രാബല്യത്തിൽ വരുന്നതോടെ മെയ് 2 മുതൽ, കംഫർട്ട്, കംഫർട്ട് പ്ലസ് വിഭാഗങ്ങൾക്കുള്ള സൗജന്യ ക്യാബിൻ ബാഗേജ് അലവൻസ് യഥാക്രമം 20, 25 കിലോയിൽ നിന്നും 15 കിലോയായി കുറച്ചു. അതേസമയം ഫ്ലെക്‌സ് 25 കിലോ അലവൻസ് നൽകുന്നു.
ഫെയർ ഫാമിലി കൺസെപ്റ്റ് അവതരിപ്പിക്കുന്നതിന് മുമ്പ്, എയർ ഇന്ത്യയുടെ ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാർക്ക് 25 കിലോഗ്രാം ക്യാബിൻ ബാഗേജ് സൗജന്യമായി കൊണ്ടുപോകാൻ അനുവാദമുണ്ടായിരുന്നു. ആഭ്യന്തര റൂട്ടുകളിൽ ബിസിനസ് ക്ലാസ് ബാഗേജ് അലവൻസ് 25 കിലോ മുതൽ 35 കിലോഗ്രാം വരെയാണ്. അന്താരാഷ്‌ട്ര വിമാനങ്ങളിലെ സൗജന്യ ബാഗേജ് അലവൻസ് ഇതില്‍ നിന്നും വ്യത്യസ്‌തമാണ്.
മറ്റ് ആഭ്യന്തര വിമാനക്കമ്പനികളിലും യാത്രക്കാർക്ക് അധിക ചാർജില്ലാതെ 15 കിലോ ക്യാബിൻ ബാഗേജ് കൊണ്ടുപോകാൻ അനുവാദമുണ്ട്. യാത്രക്കാർക്ക് അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നിരക്കും സേവനങ്ങളും തെരഞ്ഞെടുക്കാനായാണ് ഫെയർ ഫാമിലി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
Also Read: വിമാന യാത്രയ്‌ക്ക് വന്‍ ഡിമാന്‍ഡ്; കൊച്ചിയിൽ നിന്ന് 60 പുതിയ വിമാന സർവീസുകൾ