ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലേക്ക് പോയ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചുവിട്ടു. എയര്‍ ഇന്ത്യയുടെ വിമാനമാണ് റഷ്യയിലെ ക്രാസ്നോയാർസ്‌ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍റിങ് നടത്തിയത്. തുടര്‍ന്ന് യാത്രക്കാര്‍ മറ്റൊരു വിമാനത്തില്‍ യുഎസ് നഗരത്തിലെ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാന്‍റ് ചെയ്‌തു. 30 മണിക്കൂര്‍ വെെകിയ ശേഷമാണ് വിമാനം യുഎസില്‍ എത്തിയത്.
225 യാത്രക്കാരും 19 വിമാന ജീവനക്കാരുമായി ഡൽഹിയിൽ നിന്ന് ജൂലെെ 18ന് വൈകിട്ടാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക കാരണങ്ങളാലാണ് റഷ്യയിലേക്ക് തിരിച്ചുവിട്ടത്. കാർഗോ ഹോൾഡ് ഏരിയയിൽ ഒരു പ്രശ്‌നമുണ്ടെന്ന് കോക്‌പിറ്റ് ക്രൂ കണ്ടെത്തിയതിനെത്തുടർന്ന് മുൻകരുതൽ ലാന്‍റിങ് നടത്തിയത്.
ലാൻഡിങ്ങിന് പിന്നാലെ എല്ലാവരെയും വിമാനത്താവളത്തിലെ ടെർമിനൽ ബിൽഡിങ്ങിലേക്ക് മാറ്റി. വിമാനം സുരക്ഷിതമായാണ് റൺവേയിൽ ലാൻഡ് ചെയ്‌തത്. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലായെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.