ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നയത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കിസാന്‍സഭ ഗ്രാമീണ്‍ ഭാരത ബന്ദിന് ആഹ്വാനം ചെയ്‌തു. നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ മുഖമാണ് ഡല്‍ഹിയിലെ പ്രക്ഷോഭത്തിന് നേരെ പുറത്തെടുത്തിരിക്കുന്നതെന്നും കിസാന്‍ സഭ കുറ്റപ്പെടുത്തി(All India Kisan Sabha). ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചു.
ശംഭു അതിര്‍ത്തിയിലടക്കം കര്‍ഷകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കിസാന്‍സഭ അപലപിച്ചു. കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗത്തിന് ഡ്രോണുകള്‍ ഉപയോഗിക്കുക, കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിക്കുക, റബ്ബര്‍ബുള്ളറ്റുകള്‍ പ്രയോഗിക്കുക, റോഡുകളില്‍ ഇരുമ്പ് ആണികള്‍ സ്ഥാപിച്ച് കര്‍ഷകരെ തടയുക, കര്‍ഷകരെയും നേതാക്കളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയവയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ അപരിഷ്‌കൃത മുഖമാണ് പ്രകടമായിരിക്കുന്നത് (Bharatha bandh).
പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശങ്ങളോട് കാട്ടുന്ന ഇത്തരം ആക്രമണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരെ കിസാന്‍ സഭ മറ്റ് ജനാധിപത്യ ശക്തികള്‍ക്കും സയുക്ത കിസാന്‍ മോര്‍ച്ചയ്ക്കും കേന്ദ്ര തൊഴിലാളി സംഘടനകള്‍ക്കും ഒപ്പം നില്‍ക്കുമെന്നും എഐകെഎസ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്‌തവരെയെല്ലാം വിട്ടയക്കണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും കര്‍ഷകരെ ആവര്‍ത്തിച്ച് വഞ്ചിച്ചതിന്‍റെ പരിണിത ഫലമാണ് ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭമെന്നും കിസാന്‍സഭ വ്യക്തമാക്കി(AIKS Condemns Repression Unleashed on Farmers).
രാജ്യത്ത് വര്‍ഗീയ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള മോദി സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ തകിടം മറിഞ്ഞതിന്‍റെ ശക്തമായ സൂചനയാണ് ഈ പ്രക്ഷോഭം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള മോദിസര്‍ക്കാരിന്‍റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ ശക്തമായി ഒന്നിച്ചിരിക്കുന്നത് കണ്ട് ബിജെപി സര്‍ക്കാര്‍ ഭയന്നിരിക്കുന്നു. അതിനാലാണ് പ്രക്ഷോഭത്തെ സര്‍വശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നും കിസാന്‍ സഭ ചൂണ്ടിക്കാട്ടി.
കോടികള്‍ ചെലവിട്ട് മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വെള്ളപൂശാനുള്ള ശ്രമം ദീര്‍ഘകാലം സാധിക്കില്ല. മോദിയുടെ ഗ്യാരന്‍റി വെറും കുമിളയാണ്. എല്ലാ വിഭാഗം ജനങ്ങളും മോദി സര്‍ക്കാരിനെതിരെ നടക്കുന്ന ഈ പ്രതിഷേധത്തില്‍ പങ്കുചേരണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. ഇത് ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടമാണെന്നും കിസാന്‍ സഭ പ്രസ്‌താവനയില്‍ പറഞ്ഞു.