ചെന്നൈ : പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി ഉൾപ്പെടെയുള്ള എഐഎഡിഎംകെ എംഎൽഎമാരെ നിയമസഭ സമ്മേളനത്തിൽ നിന്ന് ജൂൺ 29 വരെ സസ്പെൻഡ് ചെയ്‌തു. സഭാനടപടികൾ തടസപ്പെടുത്തിയതിനാലാണ് നടപടിയെന്ന് സ്‌പീക്കർ എം അപ്പാവു വ്യക്തമാക്കി.
കറുത്ത ഷർട്ട് ധരിച്ച് നിയമസഭയിലെത്തിയ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ കള്ളക്കുറിച്ചി മദ്യ ദുരന്തം വീണ്ടും ഉന്നയിക്കാൻ ശ്രമിക്കുകയും വിഷയം ചർച്ച ചെയ്യാൻ സാവകാശം തേടുകയും ചെയ്‌തു. എന്നാൽ ഇക്കാര്യത്തിൽ താൻ തീരുമാനമെടുക്കുമെന്ന് സ്‌പീക്കർ എം അപ്പാവു അറിയിക്കുകയായിരുന്നു.
സുപ്രധാന വിഷയം ഉടൻ ചർച്ച ചെയ്യണമെന്ന് എഐഎഡിഎംകെ എംഎൽഎമാർ ശഠിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തു. ഇരിപ്പിടങ്ങളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട സ്‌പീക്കർക്കറുടെ ആവർത്തിച്ചുള്ള അഭ്യർഥന പ്രതിപക്ഷ പാർട്ടി അംഗീകരിച്ചില്ല. തുടർന്ന് അവരെ പുറത്താക്കാൻ സ്‌പീക്കർ ഉത്തരവിടുകയായിരുന്നു. പിന്നീട്, ജൂൺ 29 വരെ എഐഎഡിഎംകെ അംഗങ്ങളെ സമ്മേളനത്തിൻ്റെ ബാക്കി ഭാഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള പ്രമേയം സഭ ഐക്യകണ്‌ഠേനെ പാസാക്കി.