ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി മാറ്റങ്ങളോടെ പുതിയ രൂപത്തില്‍ വരുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. വാട്സ് അപ്പ് വഴിയാണ് ഈ പ്രചാരണം ഏറെയും നടന്നത്. പുതിയ വ്യവസ്ഥകളോടെ പദ്ധതി പുതിയ രൂപത്തില്‍ നടപ്പാക്കും എന്നായിരുന്നു ഈ വാര്‍ത്തയുടെ ചുരുക്കം. സേവന കാലയളവ് കാലയളവ് 7 വർഷമായി നീട്ടുമെന്നും, 60 ശതമാനം ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നും, വരുമാനം വർധിപ്പിക്കുമെന്നും തുടങ്ങി വരാന്‍ പോകുന്ന മാറ്റങ്ങളുടെ വന്‍ പട്ടിക നിരത്തുന്നതായിരുന്നു സന്ദേശം. അവലോകനത്തിന് ശേഷം അഗ്നിപഥ് പദ്ധതി 'സൈനിക് സമാൻ സ്‌കീം' ആയി പുനരവതരിപ്പിക്കുന്ന എന്ന മട്ടിലായിരുന്നു വാട്ട്‌സ്ആപ്പ് സന്ദേശം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്.
എന്നാലിപ്പോള്‍ സര്‍ക്കാര്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയതോടെ ഈ വാട്സ് ആപ് സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. അഗ്നി പഥ് പദ്ധതി പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തന്നെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പദ്ധതിയെ സംബന്ധിച്ച് അത്തരമൊരു തീരുമാനവുമെടുത്തിട്ടില്ലെന്നും സന്ദേശം വ്യാജമാണെന്നും പിഐബി വ്യക്തമാക്കി.
സര്‍ക്കാര്‍ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അതിൻ്റെ എക്‌സ് ഹാൻഡിലിൽ കുറിച്ചു. പ്രചരിക്കുന്ന വ്യാജ സന്ദേശത്തിൽ നിരവധി അക്ഷര തെറ്റുകൾ ഉണ്ട്.
സായുധ സേനയുടെ മൂന്ന് സേനാ വിഭാഗങ്ങളിലേക്കും ഓഫീസർ റാങ്കിന് താഴെയുള്ള സൈനികരെ നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നടപ്പിലാക്കിയ "ടൂർ ഓഫ് ഡ്യൂട്ടി സ്റ്റൈൽ" പദ്ധതിയാണ് അഗ്നിപഥ് സ്‌കീം.2022 സെപ്‌തംബറിലാണ് പദ്ധതി ആരംഭിച്ചത്. ഈ സംവിധാനത്തിന് കീഴിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന ജീവനക്കാരെ അഗ്നിവീർ എന്ന് വിളിക്കുന്നു.
തുടക്കം മുതൽ അഗ്നിപഥ് പദ്ധതിയെ വിമർശിച്ച പ്രതിപക്ഷം, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അതിൻ്റെ വിശ്വാസ്യതയെ രൂക്ഷമായി തന്നെ ചോദ്യം ചെയ്‌തു. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ പദ്ധതി നിർത്തലാക്കുമെന്നും കോൺഗ്രസ് 'വാഗ്‌ദാനം' നൽകിയിരുന്നു.
ALSO READ: അഗ്നിവീർ സെലക്ഷൻ ടെസ്റ്റ്; രജിസ്ട്രേഷൻ ഫെബ്രുവരി ആറുവരെ