ചെന്നൈ: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ഡിഎംകെ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും നാല്‍പ്പത് സീറ്റുകളും തൂത്തുവാരി പുത്തന്‍ ചരിത്രം സൃഷ്‌ടിച്ചു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെക്കോര്‍ഡ് ആണിത്.
കോണ്‍ഗ്രസും എഐഎഡിഎംകെയും തമിഴ്‌നാട്ടില്‍ ഭരണത്തിലിരുന്നപ്പോള്‍ ഒരിക്കല്‍ പോലും ഇവര്‍ക്ക് പാര്‍ലമെന്‍റിലെ നാല്‍പ്പതില്‍ നാല്‍പ്പത് എന്ന സംഖ്യയിലേക്ക് എത്താനായിട്ടില്ല. എന്നാല്‍ എം കെ സ്‌റ്റാലിന്‍ നയിക്കുന്ന ഡിഎംകെയ്ക്ക് ഇത് സാധിച്ചിരിക്കുന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള ശക്തമായ സഖ്യം തന്നെയാണ് ഈ വിജയം ഇവര്‍ക്ക് സമ്മാനിച്ചത്.
ഡിഎംകെ ചരിത്ര വിജയം നേടുമ്പോള്‍ മറുവശത്തുള്ള എഐഎഡിഎംകെ, ബിജെപി സഖ്യത്തിന്‍റെ നില പരുങ്ങലിലാണ്. രണ്ട് കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യത്തിനും ഒരു സീറ്റ് പോലും സ്വന്തമാക്കാനായില്ല. ഇപ്പോള്‍ സ്വയം ആശ്വസിക്കാനായി ഇവര്‍ വോട്ട് ശതമാനം പറഞ്ഞ് കൊണ്ടിരിക്കുകയാണ്.
പത്തിലേറെ മണ്ഡലങ്ങളില്‍ എഐഎഡിഎംകെയും ബിജെപിയും പ്രത്യേകം പ്രത്യേകം നേടിയ വോട്ടുകള്‍ ഇതേ മണ്ഡലങ്ങളില്‍ ഡിഎംകെ നേടിയ വോട്ടിനെക്കാള്‍ വളരെ കൂടുതലാണ്. വിരുതുനഗര്‍, തെങ്കാശി(എസ്‌സി), കുഡല്ലൂര്‍, കൃഷ്‌ണഗിരി, ധര്‍മ്മപുരി, കോയമ്പത്തൂര്‍, നാമക്കല്‍, കള്ളകുറിചി, വില്ലുപുരം, ആരണി മണ്ഡലങ്ങളില്‍ ഡിഎംകെയോ ഇവരുടെ സഖ്യകക്ഷികളോ നേടിയ വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എഐഎഡിഎംകെയും ബിജെപിയും കൂടി നേടി.
എഐഎഡിഎംകെയും ബിജെപിയും തമ്മിലുള്ള സഖ്യം തുടര്‍ന്നിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായേനെ എന്നാണ് എഐഎഡിഎംകെയുടെ മുന്‍ മന്ത്രി എസ് പി വേലുമണി കോയമ്പത്തൂരില്‍ ഇന്ന് പറഞ്ഞത്. ഇത് വൈകി വന്ന തിരിച്ചറിവാണ് അത് കൊണ്ട് രണ്ട് കക്ഷികള്‍ക്കും യാതൊരു പ്രയോജനവും ഇല്ല.
ഇക്കുറി ബിജെപി തമിഴ്‌നാട്ടില്‍ കുറച്ച് സീറ്റുകള്‍ സ്വന്തമാക്കിയിരുന്നെങ്കില്‍ ഇവര്‍ക്ക് പാര്‍ലമെന്‍റില്‍ കേവല ഭൂരിപക്ഷത്തിലേക്ക് എത്താനാകുമായിരുന്നു. ഒരു സഖ്യ കക്ഷികളുടെയും പിന്തുണയില്ലാതെ തന്നെ ഇവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനും കഴിഞ്ഞേനെ. എന്നാല്‍ എഐഎഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ ബിജെപി മറ്റൊരു സഖ്യമുണ്ടാക്കുകയും ഒരു നേട്ടവും ഉണ്ടാക്കാനാകാതെ പോകുകയുമായിരുന്നു.
അത് പോലെ തന്നെ ബിജെപിയുമായുള്ള സഖ്യം തകര്‍ന്നതോടെ സംസ്ഥാനത്തെ പത്തിലേറെ മണ്ഡലങ്ങളില്‍ എഐഎഡിഎംകെ വോട്ട് പങ്കാളിത്തത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എഐഎഡിഎംകെ -ബിജെപി സഖ്യത്തിലുണ്ടായ വിള്ളല്‍ ഇരുപാര്‍ട്ടികള്‍ക്കും കനത്ത നഷ്‌ടമായി എന്ന യാഥാര്‍ത്ഥ്യമാണ് 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
Also Read:'ഡിഎംകെ തമിഴകത്തിന്‍റെ ശത്രു' ; കടന്നാക്രമിച്ച് പ്രധാനമന്ത്രി