മുംബൈ: ബോളിവുഡ് നടി ലൈലാ ഖാൻ്റെ കൊലയില്‍ രണ്ടാനച്ഛൻ പർവേസ് തക് കുറ്റക്കാരനെന്ന് ബോംബെ സെഷൻസ് കോടതി. പർവേസിനെ ബി ഡി വി സെക്ഷൻ 302 പ്രകാരം വധശിക്ഷയ്ക്കാണ് വിധിച്ചത്. സെക്ഷൻ 201 പ്രകാരം ഏഴ് വർഷം കഠിനതടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും.
കേസിൽ സർക്കാരിന് വേണ്ടി അഭിഭാഷകൻ പങ്കജ് രാമചന്ദ്ര ചവാനാണ് ഹാജരായത്. ആർതർ റോഡ് ജയിലിലെ ആൻഡ സെല്ലിലാണ് പർവേസ് ഇപ്പോൾ കഴിയുന്നത്. വിധി പറയുമ്പോൾ അമ്മയും അച്ഛനും ഭാര്യയും മൂന്ന് പെൺമക്കളും കോടതിയിൽ ഉണ്ടായിരുന്നു. 2011ൽ ലൈലാ ഖാനൊപ്പം അവരുടെ നാല് സഹോദരങ്ങളും അമ്മയും കൊല്ലപ്പെട്ടിരുന്നു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പർവേസിനെതിരെ ചുമത്തിയിരിക്കുന്നത്.
നാസിക്കിനടുത്ത് ഇഗത്പുരിയിൽ ലൈലയുടെ ബംഗ്ലാവിൽ വച്ചാണ് കൊലപാതകം നടന്നത്. സ്വത്ത് തർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. ലൈലയുടെ അമ്മ ഷെലീനയുടെ മൂന്നാമത്തെ ഭർത്താവായിരുന്നു പർവേസ്. മുനീർ ഖാനെയാണ് ലൈലാ ഖാൻ വിവാഹം കഴിച്ചത്. നിരോധിത ബംഗ്ലാദേശി സംഘടനയായ 'ഹർക്കത്ത്-ഉൽ-ജിഹാദ് അൽ-ഇസ്‌ലാമി'യിലെ അംഗമായിരുന്നു മുനീർ എന്ന അഭ്യൂഹം ഉണ്ടായിരുന്നതിനാൽ ഈ വിഷയത്തിൻ്റെ ഗൗരവം അക്കാലത്ത് വർധിച്ചിരുന്നു.
2008-ൽ വഫ-എ ഡെഡ്‌ലി ലവ് സ്‌റ്റോറി എന്ന ചിത്രത്തിലാണ് ലൈലാ ഖാൻ അഭിനയിച്ചത്. 2011-ൽ ലൈലയുടെ രണ്ടാനച്‌ഛനായ നാദിർ പട്ടേൽ ലൈലയെ കാൺമാനില്ലെന്ന് കാട്ടി മുംബൈയിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി . ആസിഫ് ഷെയ്ഖിനെയും പർവേസ് തക്കിനെയും സംശയം പ്രകടിപ്പിച്ചാണ് പരാതി നൽകിയത്. ഈ കേസിൽ ആസിഫ് ഷെയ്ഖിനെ ബെംഗളൂരുവിൽ നിന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ പിന്നീട് വിട്ടയച്ചു. പിന്നീട് മൊബൈൽഫോൺ കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ പർവേസ് ലൈലാ ഖാനൊപ്പം ഇഗത്പുരിയിലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറസ്‌റ്റ് ചെയ്‌തു.
കൊലപാതകത്തിന് ശേഷം പർവേസ് എല്ലാവരുടെയും മൃതദേഹങ്ങൾ ഫാം ഹൗസിന് പിന്നിൽ മറവ് ചെയ്‌തു. പിന്നീട് പർവേസ് സ്വന്തം ഗ്രാമമായ കശ്‌മീരിലേക്ക് പോകുകയും അവിടെ ബിസിനസ് തുടങ്ങുകയും ചെയ്‌തു. എന്നാൽ തട്ടിപ്പ് കേസിൽ 2012 ജൂലൈ എട്ടിന് ജമ്മു കശ്‌മീർ പൊലീസ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് പൊലീസിനോട് പർവേസ് പറയുന്നത്.
2012 ജൂലൈ 10 ന് ഇഗത്പുരിയിലെ ഫാം ഹൗസിൽ നിന്നും മൃതദേഹങ്ങൾ പുറത്തെടുത്തു. പർവേസ് മൊഴിമാറ്റി പറഞ്ഞുകൊണ്ടിരുന്നതിനാൽ ഇയാൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ 42 സാക്ഷികൾ കോടതിയിൽ മൊഴി നൽകേണ്ടി വന്നു. കേസിലെ മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ലൈല ഖാൻ്റെയും അമ്മയുടെയും സഹോദരങ്ങളുടെയും മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. 2002ൽ കന്നഡ സിനിമകളിലൂടെയാണ് ലൈലാ ഖാൻ തൻ്റെ കരിയർ ആരംഭിക്കുന്നത്.
Also Read : വിവാഹം കഴിപ്പിച്ചില്ല, സ്വത്ത് വീതിച്ച് നല്‍കിയില്ല; അച്‌ഛനെ കൊന്ന് മക്കളുടെ പ്രതികാരം