ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങിലെ മുഖ്യ പുരോഹിതന്‍ അന്തരിച്ചു. ചടങ്ങില്‍ മുഖ്യ കാര്‍മികനായിരുന്ന ആചാര്യ ലക്ഷ്‌മികാന്ത് ദീക്ഷിതാണ് (86) മരിച്ചത്. ഇന്ന് (ജൂണ്‍ 22) പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി അദ്ദേഹം അസുഖ ബാധിതനായിരുന്നുവെന്ന് കുടുംബം അറിയിച്ചു.
മഹാരാഷ്‌ട്രയിലെ സോലാപൂര്‍ സ്വദേശിയാണ് ലക്ഷ്‌മി ദീക്ഷിത്. എന്നാല്‍ അദ്ദേഹത്തിന്‍റെ കുടുംബം തലമുറകളായി വാരാണസിയിലാണ് താമസിക്കുന്നത്. ജനുവരി 22നാണ് രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്‌ഠാ ചടങ്ങില്‍ ലക്ഷ്‌മി ദീക്ഷിത് മുഖ്യ പങ്കുവഹിച്ചത്.
ദുഃഖം രേഖപ്പെടുത്തി യോഗി ആദിത്യനാഥ് : ലക്ഷ്‌മി ദീക്ഷിതിന്‍റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാശിയിലെ മഹാപണ്ഡിതനും ശ്രീരാമജന്മഭൂമി പ്രാണ പ്രതിഷ്‌ഠയുടെ മുഖ്യപുരോഹിതനുമായ ആചാര്യശ്രീ ലക്ഷ്‌മികാന്ത് ദീക്ഷിതിന്‍റെ വേർപാട് ആദ്ധ്യാത്മിക ലോകത്തിന് നികത്താനാവാത്ത നഷ്‌ടമാണെന്നും യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കാനും അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ക്കും അനുയായികള്‍ക്കും ദുഃഖം താങ്ങാനുള്ള ശക്തി നല്‍കാനും താന്‍ ശ്രീരാമനോട് പ്രാര്‍ഥിക്കുന്നുവെന്നും യോഗി ആദിത്യനാഥ് എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
Also Read: ദ്രൗപദി മുര്‍മു അയോധ്യയില്‍; രാംലല്ലയെ കണ്ടുതൊഴുതു, സരയൂ തീരത്തെ ആരതിയിലും പങ്കെടുത്തു