ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് എഎപി പ്രവര്‍ത്തകരും നേതാക്കളും. കെജ്‌രിവാളിനെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്ന മുദ്രാവാക്യം വിളിച്ച് തലസ്ഥാനത്ത് പ്രവര്‍ത്തകര്‍ താലി ബജാവോ കാമ്പയ്‌ന്‍ നടത്തി. മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജാണ് കാമ്പെയ്‌ന് നേതൃത്വം നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഗ്രേറ്റർ കൈലാഷ് ഏരിയയിലായിരുന്നു എഎപിയുടെ പ്രതിഷേധം. മാര്‍ച്ച് 21ന് മുഖ്യമന്ത്രി അറസ്റ്റിലായതിന് പിന്നാലെ നിരവധി പ്രതിഷേധങ്ങള്‍ക്കാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രിയെ ജയില്‍ മോചിതനാക്കാന്‍ എഎപി ആവശ്യപ്പെടുമ്പോള്‍ തത്‌സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപിയുടെ പ്രതിഷേധം.
അറസ്റ്റിന് പിന്നാലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ മുഖ്യമന്ത്രിയെ ആറ് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടു. ഇതിന് പിന്നാലെ മാര്‍ച്ച് 23ന് ഇഡി ഓഫിസില്‍ വച്ച് മുഖ്യമന്ത്രി ഭാര്യ സുനിത കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി. കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി തത്‌സ്ഥാനം രാജിവയ്‌ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ ഇഡി കസ്റ്റഡിയില്‍ നിന്ന് അദ്ദേഹം സര്‍ക്കാരിനെ നയിക്കുമെന്ന് എഎപി വാദിച്ചു.
ദേശീയ തലസ്ഥാനത്തെ ക്ലിനിക്കുകളിലും ആശുപത്രികളിലുമുള്ള മരുന്നുകളുടെയും ഡയഗ്നോസ്റ്റിക് പരിശോധനകളുടെയും കുറവ് പരിഹരിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇഡി കസ്റ്റഡിയില്‍ നിന്നും ഉത്തരവ് പുറപ്പെടുവിച്ചുണ്ട്. ഇഡി കസ്റ്റഡിയില്‍ നിന്നുള്ള മുഖ്യമന്ത്രിയുടെ രണ്ടാമത്തെ ഉത്തരവാണിതെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഡല്‍ഹിയിലെ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായത്. ഡല്‍ഹി എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ഇഡിയോ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോ രജിസ്റ്റർ ചെയ്‌ത എഫ്ഐആറുകളിൽ ആദ്യം കെജ്‌രിവാളിന്‍റെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടാണ് ഇതുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചത്.