ന്യൂഡല്‍ഹി: ഡല്‍ഹിക്ക് ലഭിക്കാനുള്ള ജലവിഹിതം ഈമാസം 21നകം കിട്ടിയില്ലെങ്കില്‍ സത്യഗ്രഹ നടപടികളുമായി മുന്നോട്ട് പോകുമെന്ന അന്ത്യശാസവമായി ജലവിഭവമന്ത്രി അതിഷി. രാജ്യതലസ്ഥാനം കടുത്ത വെള്ളക്ഷാമത്തിലൂടെയാണ് കടന്ന് പോകുന്നത്. തലസ്ഥാനത്തെ 28 ലക്ഷം പേര്‍ക്ക് വെള്ളം കിട്ടുന്നില്ലെന്ന് കാട്ടി താന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും അവര്‍ അറിയിച്ചു.
എത്രയും പെട്ടെന്ന് വെള്ളം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ പ്രധാനമന്ത്രി തയാറാകണം. ഈ മാസം 21നകം തങ്ങള്‍ക്ക് ലഭിക്കാനുള്ള ജലവിഹിതം കിട്ടിയില്ലെങ്കില്‍ സത്യഗ്രഹത്തിന് താന്‍ നിര്‍ബന്ധിതയാകുമെന്നും അതിഷി പറഞ്ഞു. ചൂട് കൂടിയതോടെ ഡല്‍ഹിയിലെ വെള്ള പ്രശ്‌നവും വര്‍ദ്ധിച്ചു. ഇപ്പോള്‍ ഡല്‍ഹിനിവാസികള്‍ക്ക് വെള്ളം കൂടുതല്‍ ആവശ്യമാണ്.
1050 എംജിഡി വെള്ളമാണ് ഡല്‍ഹിക്ക് ആകെ കിട്ടുന്നത്. ഇതില്‍ 613 എംജിഡി വെള്ളം ഹരിയാനയില്‍ നിന്നാണ് വരുന്നത്. എന്നാല്‍ ഹരിയാന ഡല്‍ഹിയുടെ മുഴുവന്‍ വിഹിതവും നല്‍കുന്നില്ല. ഹരിയാനയില്‍ നിന്നുള്ള ജലവിതരണത്തിലെ കുറവാണ് 28 ലക്ഷം ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഡല്‍ഹിയിലെ വെള്ള പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായതെല്ലാം തങ്ങള്‍ ചെയ്‌തെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹരിയാന മുഖ്യമന്ത്രിയുമായി തങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തു. എന്നാല്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വെള്ളം വിട്ടുതരാന്‍ തയാറാകുന്നില്ല.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജല വിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഹരിയാന സര്‍ക്കാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഹരിയാന അധിക ജലം വിട്ടു തരണമെന്ന ആവശ്യവും ഇവര്‍ ഉയര്‍ത്തി.
അതേസമയം ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ ജലക്ഷാമത്തിനെതിരെ ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വിരേന്ദ്ര സച്ച്‌ദേവ, മുന്‍ എംപി രമേഷ് ബിധുരി എന്നിവരാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.