ന്യൂഡൽഹി : പൊതുതെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി ഡൽഹി മന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അതിഷി. ന്യൂഡൽഹിയിലെ കൽക്കാജി ഏരിയയിലാണ് അതിഷി സമ്മതിദാനാവകാശം വിനിയോഗിച്ചത്. മണ്ഡലത്തിൽ എഎപിയുടെ സോമനാഥ് ഭാരതിയും ബിജെപിയുടെ ബൻസുരി സ്വരാജും തമ്മിലാണ് പോരാട്ടം.
അതേസമയം, ഇന്ത്യാബ്ലോക്കിന്‍റെ ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളിലെ വോട്ടിങ് പ്രക്രിയ മന്ദഗതിയിലാക്കാൻ ലെഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേന ഡൽഹി പൊലീസുമായി ചർച്ച നടത്തിയതായി അതിഷി ആരോപിച്ചു. 'ഇന്നലെ വൈകുന്നേരം ലെഫ്റ്റനന്‍റ് ഗവർണർ, ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഇന്ത്യാസഖ്യത്തിന്‍റെ ശക്തികേന്ദ്രങ്ങളായ എല്ലാ മേഖലകളിലും വോട്ടിങ് മന്ദഗതിയിലാക്കണമെന്ന് അദ്ദേഹം പൊലീസിന് നിർദേശം നൽകിയതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന്‍റെ ലംഘനമാണ്, അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും വോട്ട് രേഖപ്പെടുത്തണം. ഡൽഹിയിലെയും രാജ്യത്തെയും ജനങ്ങൾ ചൂടിനെ അവഗണിച്ച് വീടുകളിൽ നിന്ന് പുറത്തിറങ്ങി വോട്ടുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉത്സവമാണ്, അതിൽ പങ്കെടുക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്' - അവര്‍ പറഞ്ഞു. 'ഡൽഹിയിൽ സുഗമമായ വോട്ടെടുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണം' എന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ എക്‌സ് പോസ്റ്റിലും അതിഷി ഇതേ വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
'തെരഞ്ഞെടുപ്പിന്‍റെ തലേന്ന് നിങ്ങളുടെ മന്ത്രി നടത്തിയ അനാവശ്യ പ്രസ്‌താവന കാണാനിടയായി. ഈ അനൗചിത്യം അംഗീകരിക്കാനാവില്ല. അസംബന്ധവും കെട്ടിച്ചമച്ചതുമായ അവകാശവാദങ്ങൾ ഉന്നയിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബോധപൂർവമായ നടപടിയാണിത്. വിഷയത്തില്‍ കർശനമായ നടപടി സ്വീകരിക്കും' - എഎപിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് വികെ സക്‌സേന പറഞ്ഞു.
ബിഹാര്‍ - 8, ഹരിയാന - 10, ജമ്മു കശ്‌മീര്‍ - 1, ജാർഖണ്ഡ് - 4, ഡൽഹി - 7, ഒഡിഷ - 6, ഉത്തർപ്രദേശ് - 14, പശ്ചിമ ബംഗാള്‍ - 8 എന്നിങ്ങനെ മണ്ഡലങ്ങളിലേക്കാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ആകെ 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഡൽഹിയിലെയും ഹരിയാനയിലെയും എല്ലാ പാർലമെന്‍റ് സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളിലും വിജയിച്ചത് ബിജെപിയാണ്. എഎപിയും കോൺഗ്രസും സംയുക്തമായാണ് ഇക്കുറി ബിജെപിയെ നേരിടുന്നത്. ശക്തമായ മത്സരമാണ് ഡല്‍ഹിയിലെ എല്ലാ മണ്ഡലങ്ങളിലേക്കും നടക്കുന്നത്. കോൺഗ്രസ് മൂന്ന് സീറ്റുകളിൽ മത്സരിക്കുമ്പോൾ എഎപി നാലിടത്താണ്. ഇരുപാർട്ടികളും ഇന്ത്യാബ്ലോക്കിന്‍റെ ഭാഗമാണ്.