ന്യൂഡൽഹി : ആം ആദ്‌മി പാർട്ടിയുടെ (എഎപി) പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ ആവശ്യപ്പെട്ട ഡൽഹി തെരഞ്ഞെടുപ്പ് പാനലിനെതിരെ മുതിർന്ന നേതാക്കൾ. പ്രചാരണ ഗാനത്തിന്‍റെ വരികളിൽ ആക്ഷേപകരമായി ഒന്നും തന്നെയില്ലെന്ന് ചൊവ്വാഴ്‌ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ (ഇസി) കണ്ട മുതിർന്ന എഎപി നേതാക്കളുടെ സംഘം വ്യക്തമാക്കി.
തങ്ങളുടെ ലോക്‌സഭ പ്രചാരണ ഗാനമായ 'ജയിൽ കാ ജവാബ്, വോട്ട് സേ ദേംഗേ' കമ്മിഷൻ നിരോധിച്ചതായി ഞായറാഴ്‌ച എഎപി അവകാശപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാർഗനിർദേശങ്ങളും പരസ്യ കോഡുകളും ലംഘിച്ചതിനാൽ പാട്ടിൻ്റെ ഉള്ളടക്കം പരിഷ്‌ക്കരിക്കാനാണ് ആംആദ്‌മി പാർട്ടിയോട് ആവശ്യപ്പെട്ടതെന്നാണ് ഡൽഹി തെരഞ്ഞെടുപ്പ് ബോഡി ഉദ്യോഗസ്ഥരുടെ പ്രതികരണം.
അതേസയമം തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട ആം ആദ്‌മി പാർട്ടി (എഎപി) പ്രതിനിധി സംഘത്തിൽ ഡൽഹി മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, അതിഷി, ദേശീയ സെക്രട്ടറി പങ്കജ് ഗുപ്‌ത, മുതിർന്ന നേതാവ് ദിലീപ് പാണ്ഡെ എന്നിവരും ഉൾപ്പെടുന്നു. ഒരു മാസത്തോളമായി ഡൽഹിയിലുടനീളം ബിജെപി ആക്ഷേപകരമായ നിരവധി ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് തങ്ങൾ കമ്മിഷനോട് പറഞ്ഞതായി സന്ദർശന ശേഷം സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ ഹോർഡിംഗുകളിൽ പ്രതിപക്ഷ നേതാക്കളെ, പ്രത്യേകിച്ച് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രതിഷേധാർഹമായ രീതിയിലാണ് കാണിച്ചിരിക്കുന്നത്. ഒരു മാസം മുമ്പ് ഇതിനെതിരെ ഞങ്ങൾ കമ്മിഷനിൽ പരാതി നൽകി. ഇതുവരെ കമ്മിഷൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സൗരഭ് ഭരദ്വാജ് ചോദിച്ചു.
ആം ആദ്‌മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിൽ ആക്ഷേപകരമായി ഒന്നുമില്ലെന്ന് തങ്ങൾ ഇലക്ഷൻ കമ്മിഷനോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കമ്മിഷന് വിശദമായ മറുപടി നൽകിയിട്ടുണ്ടെന്ന് ഭരദ്വാജ് കൂട്ടിച്ചേർത്തു.
ഇതിനിടെ ഒരു മാസത്തിന് ശേഷമാണ് പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ അനുമതി ലഭിച്ചതെന്ന് എഎപി നേതാവ് അതിഷി ആരോപിച്ചു. മാർച്ച് 22 മുതൽ വിവിധ വിഷയങ്ങളിൽ എഎപി നിരന്തരം സമയം തേടുകയായിരുന്നു എന്നും അവർ അവകാശപ്പെട്ടു. 'ബിജെപി പരാതി നൽകുമ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഉടൻ നടപടിയെടുക്കുന്നു. കഴിഞ്ഞ ഒരു മാസമായി ബിജെപിക്കെതിരെ എഎപി നൽകിയ പരാതികളിൽ നടപടിയൊന്നും എടുത്തിട്ടില്ല', അതിഷി പറഞ്ഞു.
ആം ആദ്‌മി പാർട്ടി പ്രചാരണ ഗാനം പുറത്തിറക്കിയപ്പോൾ തന്നെ അടിയന്തര നടപടി സ്വീകരിച്ചുവെന്നും അതിഷി അഭിപ്രായപ്പെട്ടു. 'തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌പ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അതിനെ ചോദ്യം ചെയ്‌തില്ല. കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ച് എഎപി ഒരു പ്രചാരണ ഗാനം നടത്തിയപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അതിനെ എതിർത്തു,' അവർ കൂട്ടിച്ചേർത്തു.
അതേസമയം ആം ആദ്‌മി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മിഷനെ അവഹേളിക്കുന്നത് ഞെട്ടിക്കുന്നതാണെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പ്രതികരിച്ചു. 'തെരഞ്ഞെടുപ്പ് കമ്മിഷനെ കാണാൻ പോകുന്നതിന് മുമ്പ് അവർ തങ്ങളുടെ പ്രചാരണ ഗാനത്തെക്കുറിച്ചുള്ള എതിർപ്പുകൾ ഉന്നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ കണ്ടതിന് ശേഷം അവർ ബിജെപി ബോർഡുകളിലെ (ഹോർഡിംഗുകളിൽ) എതിർപ്പിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. അവരുടെ ആക്ഷേപകരമായ പ്രചാരണ ഗാനത്തെക്കുറിച്ച് അവർ ഒരു വാക്കുപോലും പറഞ്ഞില്ല', ബിജെപി നേതാവ് പറഞ്ഞു.