ചണ്ഡിഗഡ് : ബിജെപിയില്‍ ചേക്കേറിയ ആം ആദ്‌മി നേതാക്കള്‍ ഒരു മാസത്തിനുശേഷം എഎപിയില്‍ തിരിച്ചെത്തി (AAP councillors Poonam Devi and Neha Musawat returned from BJP). ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ എഎപി കൗണ്‍സിലര്‍മാര്‍ ആയിരുന്ന പൂനം ദേവിയും നേഹ മുസാവത്തുമാണ് ബിജെപിയില്‍ ചേര്‍ന്ന് അധികം വൈകാതെ തന്നെ എഎപിയിലേക്ക് മടങ്ങിയത്. ഇത് തങ്ങളുടെ 'ഘര്‍ വാപസി' (വീട്ടിലേക്കുള്ള മടക്കം) ആണെന്ന് ഇരു നേതാക്കളും പ്രതികരിച്ചു.
പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ഇരുവര്‍ക്കും എഎപി നേതാക്കള്‍ സ്വീകരണം നല്‍കി. ആം ആദ്‌മി പാര്‍ട്ടിയിലേക്ക് തിരിച്ചത്തിയ പൂനം കുമാരിക്കും നേഹ മുസാവത്തിനും ഊഷ്‌മളമായ സ്വാഗതമെന്ന് പഞ്ചാബ് ആം ആദ്‌മി പാര്‍ട്ടി ഔദ്യോഗിക എക്‌സ് പേജില്‍ കുറിച്ചു. ഗുര്‍ചരണ്‍ കലയോടൊപ്പമാണ് ഇരുവരും ബിജെപിയിലേക്ക് പോയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു ചണ്ഡിഗഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ 19-ാം വാര്‍ഡ് കൗണ്‍സിലര്‍ നേഹ മുസാവത്തും 16-ാം വാര്‍ഡ് കൗണ്‍സിലര്‍ പൂനം കുമാരിയും ബിജെപിയിലേക്ക് പോയത്. വോട്ടില്‍ കൃത്രിമം കാണിച്ചതിനും ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിനും റിട്ടേണിങ് ഓഫിസര്‍ അനില്‍ മസിഹിനെ സുപ്രീം കോടതി ശാസിച്ചതിന് തൊട്ടുമുമ്പായിരുന്നു എഎപി നേതാക്കളുടെ കൂടുമാറ്റം.
Also Read: ബാരാമതിയിൽ സുപ്രിയ സുലെ തന്നെ; സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ശരദ് പവാർ
35 അംഗ ചണ്ഡിഗഡ് മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് 14 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ മൂന്ന് ആം ആദ്‌മി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം വര്‍ധിച്ചു. മുനിസിപ്പാലിറ്റി സീമിയര്‍ ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി മേയര്‍ സീറ്റുകള്‍ ബിജെപി നേടിയതും ശ്രദ്ധേയമാണ്.
Also Read: തുടക്കം പോലെ മടക്കവും നാടകീയം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവച്ചു
സീനിയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപിയുടെ കുല്‍ജീത് സിങ് സന്ധു 19 വോട്ടുകള്‍ നേടി വിജയിച്ചു. ഇന്ത്യന്‍ സഖ്യത്തിന്‍റെ പ്രതിനിധി ഗുര്‍പ്രീത് സിങ് ഗാബിയേയാണ് സന്ധു പരാജയപ്പെടുത്തിയത്. ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടത് രാജേന്ദ്ര കുമാര്‍ ശര്‍മയാണ്. 19 വോട്ടുകളാണ് ശര്‍മയും നേടിയത്. എതിര്‍ സ്ഥാനാര്‍ഥി 17 വോട്ടുകളും നേടി.