ന്യൂഡല്‍ഹി : നോട്ടിസ് നല്‍കാനെന്ന പേരില്‍ കെജ്‌രിവാളിന്‍റെ വസതിയിലെത്തിയ പൊലീസ് മാധ്യമങ്ങളെ കൂടെ കൊണ്ടുവന്നത് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. പൊലീസ് തങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതിച്ഛായ തകർക്കാനാണ് പൊലീസ് മാധ്യമങ്ങളെ കൂടെ കൊണ്ടുവന്നതെന്ന് എഎപി വൃത്തങ്ങളും ആരോപിച്ചു.
ആം ആദ്‌മി പാർട്ടി (AAP) എംഎൽഎമാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അരവിന്ദ് കെജ്‌രിവാളിന്‍റെ കുതിരക്കച്ചവട ആരോപണത്തിൽ നോട്ടിസ് നൽകാനാണ് ക്രൈംബ്രാഞ്ച് എസിപി കെജ്‌രിവാളിന്‍റെ വീട്ടിലെത്തിയത്. എന്നാൽ നോട്ടിസ് സ്വീകരിക്കാൻ വീട്ടിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ തയാറായില്ല എന്നാണ് പൊലീസ് നല്‍കുന്ന വിവരം. എഎപി എംഎല്‍എമാരെ ബിജെപി (BJP) പ്രലോഭിപ്പിച്ചെന്ന കെജ്‌രിവാളിന്‍റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ വീരേന്ദർ സച്ച്‌ദേവ പൊലീസ് കമ്മിഷണറെ കണ്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്‍റെ നടപടി.
കെജ്‌രിവാൾ സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തി പാർട്ടി വിടാൻ ഏഴ് എംഎൽഎമാർക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്‌ദാനം ചെയ്‌തതായി എഎപി കഴിഞ്ഞ ആഴ്‌ച ആരോപിച്ചിരുന്നു. തന്‍റെ പാര്‍ട്ടിയിലെ ഏഴ് എംഎല്‍എമാരുമായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എക്‌സിൽ എഴുതിയ പോസ്‌റ്റിലൂടെ കെജ്‌രിവാളും ആരോപിച്ചു.
ഡൽഹിയിൽ ബിജെപി ഓപ്പറേഷൻ ലോട്ടസ് 2.0 ആരംഭിച്ചതായി കഴിഞ്ഞയാഴ്‌ച നടന്ന പത്രസമ്മേളനത്തിൽ ഡല്‍ഹി മന്ത്രി അതിഷി ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം എഎപി എംഎൽഎമാരെ പണം വാഗ്‌ദാനം ചെയ്‌ത് വേട്ടയാടാൻ അവർ സമാനമായ ശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടുവെന്നും അതിഷി കൂട്ടിച്ചേര്‍ത്തു. ക്രൈംബ്രാഞ്ച് സംഘം വെള്ളിയാഴ്‌ചയും (02-02-2024) അതിഷിയുടെ വസതി സന്ദർശിച്ചെങ്കിലും നോട്ടിസ് നൽകാൻ കഴിഞ്ഞില്ല.
'എഎപി എംഎല്‍എമാരെ വശത്താക്കാന്‍ ബിജെപി കോടികള്‍ എറിയുന്നു': ആരോപണത്തിന് പിന്നാലെ കെജ്‌രിവാളിന് നോട്ടിസ് : ആം ആദ്‌മി പാര്‍ട്ടിയുടെ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്താക്കാന്‍ ബിജെപി പണം വാഗ്‌ദാനം ചെയ്‌തു എന്ന ആരോപണത്തിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിന് നോട്ടിസ് (Delhi Police notice to Arvind Kejriwal on AAP Poaching claim). ഡല്‍ഹി പൊലീസിലെ ക്രൈംബ്രാഞ്ച് കെജ്‌രിവാളിന്‍റെ വസതിയില്‍ എത്തിയാണ് നോട്ടിസ് നല്‍കിയത്. എഎപിയുടെ ഏഴ് എംഎല്‍എമാരെ 'വാങ്ങാന്‍' ബിജെപി 25 കോടി വീതം വാഗ്‌ദാനം ചെയ്‌തതായി ഡല്‍ഹി മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
കെജ്‌രിവാളിന്‍റെ ആരോപണത്തിന് പിന്നാലെ ബിജെപി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിവരം കൈമാറുകയും കെജ്‌രിവാളിന്‍റെ വസതിയിലെത്തി നോട്ടിസ് നല്‍കുകയും ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കാത്ത ബിജെപി ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്നാണ് ആം ആദ്‌മി പാര്‍ട്ടിയുടെ ആരോപണം.
ഡല്‍ഹി മദ്യനയ കേസില്‍ കെജ്‌രിവാള്‍ ഇഡി നടപടി നേരിടുന്നുണ്ട്. ഇതിനിടെയാണ് പുതിയ കേസ്. മദ്യനയ കേസില്‍ അഞ്ച് തവണയാണ് ഇഡി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നോട്ടിസ് അയച്ചത്. എന്നാല്‍ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ച് കെജ്‌രിവാള്‍ ഇഡി സമന്‍സ് അവഗണിക്കുകയായിരുന്നു.