ഹൈദരാബാദ്: സ്‌കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മനസിലേക്ക് ഓടിവരുന്നത് കുട്ടികള്‍ നിറഞ്ഞിരിക്കുന്ന ക്ലാസ്‌മുറികളായിരിക്കും. ഒച്ചയും ബഹളങ്ങളും നിറഞ്ഞിരിക്കുന്ന ക്ലാസ്‌മുറികള്‍. എന്നാല്‍ അങ്ങനെയല്ലാത്ത ഒരു വിദ്യാർഥിയും ആ വിദ്യാർഥിയെ പഠിപ്പിക്കാന്‍ ഒരു അധ്യാപകനും മാത്രമുളള ഒരു സ്‌കൂള്‍ ഉണ്ട് തെലങ്കാനയില്‍. വാറങ്കല്‍ ജില്ലയിലെ വാർധന്നപ്പേട്ട് മുനിസിപ്പാലിറ്റിയിലെ കോണപുരം ഗവൺമെന്‍റ് പ്രൈമറി സ്‌കൂളിലാണ് ഒരു വിദ്യാര്‍ഥിയും ഒരു അധ്യാപകനുമുളളത്.
കോണപുരത്ത് ഏകദേശം 50 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഈ കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ ഗുരുകുലങ്ങളിലും ഹോസ്‌റ്റലുകളിലും അയച്ചാണ് പഠിപ്പിക്കുന്നത്. തത്‌ഫലമായി രണ്ടാം ക്ലാസ് വിദ്യാർഥിയായ എലിക്കാട്ടെ ശ്രേയൻ മാത്രമാണ് കോണപുരം ഗവൺമെന്‍റ് പ്രൈമറി സ്‌കൂളില്‍ വിദ്യാർഥിയായുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കുട്ടികള്‍ കുറവായിരുന്നിട്ടും ശ്രേയൻ്റെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാൻ ഏക അധ്യാപകനായ ജഗൻമെഹൻ ദിവസവും അഞ്ച് കിലോമീറ്റർ സൈക്കിൾ ചവിട്ടി സ്‌കൂളില്‍ എത്തും. അങ്കണവാടിയും പ്രൈമറി ക്ലാസും പ്രവര്‍ത്തിക്കുന്ന രണ്ട് മുറിയുളള സ്‌കൂളാണ് കോണപുരത്തേത്. നിലവിൽ, അങ്കണവാടിയിൽ എട്ട് കുട്ടികളാണുള്ളത്. അഞ്ച് പേർ അടുത്ത വർഷം ഒന്നാം ക്ലാസിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
അടുത്തുള്ള പ്രൈമറി, ഹൈസ്‌കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെൺകുട്ടികള്‍ക്കുളള ഹോസ്‌റ്റൽ, എസ്‌ടി വിഭാഗത്തില്‍പ്പെട്ട പെൺകുട്ടികള്‍ക്കായുളള ഗുരുകുല ഗേൾസ് സ്‌കൂൾ, എസ്‌ടി വിഭാഗത്തില്‍പ്പെട്ട ആൺകുട്ടികളുടെ ഹോസ്‌റ്റൽ എന്നിവയാണ് വിദ്യാർഥികളുടെ എണ്ണം കുറയുന്നതിന് കാരണമായത്.
Also Read: ഒരു സ്‌കൂൾ, 7 ക്ലാസുകൾ, 180 വിദ്യാർഥികൾ...; പഠിപ്പിക്കാൻ ഒരു അധ്യാപിക മാത്രം