ഹോഷിയാർപൂർ: ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ചരക്ക് തീവണ്ടി ഓടിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ. ജമ്മുകശ്‌മീരിലെ കത്വയിൽ നിന്നും ലോക്കോപൈലറ്റില്ലാതെ 14806R എന്ന ചരക്ക് തീവണ്ടി പഞ്ചാബ് വരെയാണ് ഓടിയത്. ഏകദേശം 78 കിലോമീറ്ററോളം ലോക്കോപൈലറ്റില്ലാതെ ചരക്ക് തീവണ്ടി ഓടിക്കൊണ്ടിരുന്നെന്നാണ് റിപ്പോർട്ട്.
ഹോഷിയാർപൂരിലെ ഉച്ചി ബസ്സി റെയിൽവേ സ്‌റ്റേഷനിൽ തടികൾ സ്ഥാപിച്ചാണ് ട്രെയിനിനെ തടഞ്ഞത്. സംഭവത്തെ തുടർന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ലോക്കോ പൈലറ്റിന്‍റെ അനാസ്ഥ: സംഭവവുമായി ബന്ധപ്പെട്ട് കത്വ റെയിൽവേ സ്‌റ്റേഷനിലെ ചരക്ക് തീവണ്ടിയുടെ ലോക്കോ പൈലറ്റ് ഹാൻഡ് ബ്രേക്ക് പ്രയോഗിക്കാതെ എൻജിൻ സ്‌റ്റാർട്ട് ചെയ്‌ത് ട്രെയിനിൽ നിന്ന് ഇറങ്ങിയതാണ് സംഭവത്തിനിടയാക്കിയത്. അതിനുശേഷം പത്താൻകോട്ടിലേക്കുള്ള റെയിൽ പാളത്തിന്‍റെ ചരിവ് കാരണം ട്രെയിൻ ഓടിത്തുടങ്ങുകയായിരുന്നു.
അതേസമയം ട്രെയിൻ ഓടുന്നത് അറിഞ്ഞ റെയിൽവേ ഉദ്യോഗസ്ഥർ കത്വ റെയിൽവേ സ്‌റ്റേഷനിൽവച്ച് തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുറച്ച് സമയത്തിന് ശേഷം ചരക്ക് തീവണ്ടിയുടെ വേഗത കൂടി മണിക്കൂറിൽ 80/KM വേഗത്തിലായി.
സ്‌റ്റേഷനുകളിൽ നിർത്താൻ ശ്രമം: കത്വ റെയിൽവേ സ്‌റ്റേഷൻ അധികൃതർ ഉടൻ തന്നെ പഞ്ചാബിലെ പത്താൻകോട്ട് സുജൻപൂർ റെയിൽവേ സ്‌റ്റേഷനിലെ റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ട്രെയിൻ തടയാനുളള ശ്രമത്തിന്‍റെ ഭാഗമായി റെയിൽവേ ലൈനിൽ സ്‌റ്റോപ്പറുകൾ സ്ഥാപിച്ചു. എന്നാൽ രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെ ട്രെയിൻ സ്‌റ്റേഷൻ കടക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പത്താൻകോട്ട് കാൻട്രോഡി, മിർത്തൽ, ബംഗ്ല, മുകേരിയൻ എന്നിവിടങ്ങളിൽ ട്രെയിൻ നിർത്താൻ ശ്രമിച്ചത്. പതിയെ ട്രെയിനിൻ്റെ വേഗത കുറഞ്ഞു തുടങ്ങുകയും ഒടുവിൽ ഹോഷിയാർപൂരിലെ ഉച്ചി ബസ്സി റെയിൽവേ സ്‌റ്റേഷനിൽ തടികൊണ്ടുള്ള സ്‌റ്റോപ്പർ ഉപയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ: സംഭവത്തിൻ്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് ജമ്മു റെയിൽവേ ഡിവിഷൻ ട്രാഫിക് മാനേജർ പറഞ്ഞു. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനായി സുരക്ഷാ വീഴ്‌ചകൾ തിരിച്ചറിയാനുളള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കുക, പതിവ് അറ്റകുറ്റപ്പണികൾ പരിശോധിക്കുക, ശരിയായ ട്രെയിൻ ബ്രേക്ക്, സിഗ്നലിങ് സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നുണ്ട്.