ചെന്നൈ : തമിഴ്‌നാട്ടിലെ 39 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 72.09% പോളിങ്ങ് രേഖപ്പെടുത്തിയതായി തമിഴ്‌നാട് ചീഫ് ഇലക്‌ടറൽ ഓഫീസർ സതബ്രത സാഹു. തപാൽ വോട്ടുകൾ നിലവിലെ ശതമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കൃത്യമായ വിവരങ്ങൾ ഉച്ചയോടെ ലഭ്യമാകുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. 2019 ലെ തെരഞ്ഞെടുപ്പിൽ 69% ആയിരുന്നു പോളിങ്ങ്.
'രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 7 മണിയ്‌ക്ക് അവസാനിച്ചപ്പോള്‍, ധർമ്മപുരി 81.48%, ചിദംബരം 74.87% ചെന്നൈ സെൻട്രല്‍ 67.35%, ചെന്നൈ സൗത്ത് 67.82%, മധുരൈ 68.98 %, ചെന്നൈ നോർത്ത് 69.26 % എന്നിങ്ങനെയായിരുന്നു പോളിങ്ങ് ശതമാനം. ഇക്കുറി ഉച്ചകഴിഞ്ഞ് മൂന്നിനും ആറിനും ഇടയിലായാണ് കൂടുതല്‍ വോട്ടർമാർ എത്തിയത്.
തമിഴ്‌നാടിന്‍റെ അതിർത്തി പ്രദേശത്ത്, പ്രത്യേകിച്ച് കേരളം, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ ഫ്ലൈയിംഗ് സ്ക്വാഡും പ്രദേശത്തെ സ്റ്റാറ്റിക് സർവൈലൻസ് ടീമും നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. തമിഴ്‌നാട്ടിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. ചിലയിടങ്ങളിൽ ചെറിയ തർക്കങ്ങൾ ഉണ്ടായെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ സുഗമമായി തന്നെ അവസാനിച്ചു.
വോട്ടർ പട്ടിക പരിശോധിക്കാനായി ടോൾ ഫ്രീ നമ്പറുകൾ, ഓൺലൈൻ സൗകര്യങ്ങൾ എന്നിങ്ങനെ വിവിധ മാർഗങ്ങള്‍ ഒരുക്കിയിരുന്നു. കുറച്ച് പോളിംഗ് മെഷീനുകൾ തകരാറിലായത് ഉടനടി പരിഹരിച്ചു. വോട്ടിംഗ് മെഷീനുകൾ മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും സതബ്രത സാഹു അറിയിച്ചു.