ന്യൂഡല്‍ഹി: ഇന്ത്യന്‍ ചലച്ചിത്രലോകത്തെ ഏറ്റവും വലിയ പുരസ്‌കാര ചടങ്ങ് ഇന്ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ അരങ്ങേറും. വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. ചലച്ചിത്ര-രാഷ്‌ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ ചടങ്ങിന് മാറ്റുകൂട്ടാനെത്തും.
ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അടക്കം ചടങ്ങില്‍ സമ്മാനിക്കും. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവാണ് ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. ദാദാസഹേബ് പുരസ്‌കാരം നേടിയ മിഥുന്‍ ചക്രവര്‍ത്തിയടക്കമുള്ളവര്‍ രാഷ്‌ട്രപതിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. ദാദാസാഹേബ് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1969 മുതലാണ് ഈ പുരസ്‌കാരം നല്‍കിത്തുടങ്ങിയത്.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ വളര്‍ച്ചയ്ക്ക് സംഭാവനകള്‍ നല്‍കിയവരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. പതിറ്റാണ്ടുകള്‍ നീളുന്ന അഭിനയ സപര്യയാണ് മിഥുന്‍ ചക്രവര്‍ത്തിയെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാന്‍ കാരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലയാള ചലച്ചിത്രം ആട്ടത്തിനാണ് ഇക്കുറി മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരം. ചിത്രത്തിന്‍റെ അണിയറക്കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ഡിഡി ന്യൂസ് ചാനലിന്‍റെ യുട്യൂബ് ചാനല്‍ വഴി പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.
റിഷഭ് ഷെട്ടിക്കാണ് മികച്ച നടനുള്ള പുരസ്‌കാരം. മലയാളി താരം നിത്യമേനോനും മാനസി പരേഖും മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. സൂരജ് ബര്‍ജാത്യയാണ് മികച്ച സംവിധായകന്‍. മികച്ച സഹനടന്‍ പവന്‍ മല്‍ഹോത്ര. ഏറ്റവും മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരം കാന്തര നേടി.
സൗദി വെള്ളക്കയാണ് മികച്ച മലയാള ചലച്ചിത്രം. 2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് 70മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണിച്ചത്. മികച്ച ബാലതാരം - ശ്രീപഥ് (മാളികപ്പുറം), മികച്ച ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക), മികച്ച ചിത്രസംയോജനം - ആട്ടം (മഹേഷ് ഭുവനേന്ദ്) എന്നിങ്ങനെയാണ് മലയളാത്തിലെ മറ്റ് പുരസ്‌ക്കാര നേട്ടങ്ങള്‍.