ജറുസലേം : ഇന്ത്യയില്‍ നിന്നുള്ള 6000 നിര്‍മാണ തൊഴിലാളികള്‍ കൂടെ ഏപ്രിൽ, മെയ് മാസത്തോടെ ഇസ്രയേലിലേക്ക്. ഹമാസിനെതിരായ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇസ്രയേലിന്‍റെ നിർമാണ മേഖലയിലുണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യൻ തൊഴിലാളികൾ രാജ്യത്തേക്ക് എത്തുന്നത്. ഇതു സംബന്ധിച്ച് ഇസ്രയേൽ സർക്കാര്‍ വാര്‍ത്ത കുറിപ്പ് ഇറക്കിയിട്ടുണ്ട്.
പ്രധാന മന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, നിർമാണ, ഭവന മന്ത്രാലയം എന്നിവയുടെ സംയുക്ത തീരുമാനത്തെ തുടർന്ന് തൊഴിലാളികളെ എയർ ഷട്ടിൽ മാര്‍ഗം ഇസ്രയേലിലേക്ക് എത്തിക്കുമെന്നാണ് ഇസ്രയേൽ സർക്കാര്‍ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്. ഇസ്രയേലി തൊഴിലാളികള്‍ കുറവുള്ള മേഖലകളിൽ ഇന്ത്യയില്‍ നിന്നുള്ള ഈ തൊഴിലാളികളെ നിയമിക്കും.
ഇസ്രയേലില്‍ 80,000-ത്തോളം തൊഴിലാളികള്‍ പലസ്‌തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള വെസ്‌റ്റ് ബാങ്കിൽ നിന്നും 17,000 പേർ ഗാസ മുനമ്പിൽ നിന്നുമാണ്. എന്നാൽ ഒക്‌ടോബറിൽ യുദ്ധം ആരംഭിച്ചതോടെ അവരിൽ ഭൂരിഭാഗം പേരുടെയും വർക്ക് പെർമിറ്റ് റദ്ദാക്കുകയായിരുന്നു. നിർമ്മാണ മേഖലയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്നും ഇസ്രയേലിന്‍റെ പ്രസ്‌താവനയിൽ പറയുന്നുണ്ട്.
തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, ഇസ്രയേലിന്‍റെ നിരവധി പദ്ധതികൾ സ്‌തംഭിച്ചിരുന്നു. ഇത് മൂലം ജീവിതച്ചെലവ് വർധിക്കുകയും വിവിധ സർക്കാർ സ്ഥാപനങ്ങളും ബിസിനസുകളും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയും ചെയ്‌തു. പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യോഗം വിളിച്ച് തൊഴിലാളികളെ എത്തിക്കാനുള്ള നടപടി ആരംഭിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഗവൺമെന്‍റ്-ടു-ഗവൺമെന്‍റ് (ജി 2 ജി) ഉടമ്പടി പ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ഇസ്രയേലിലേക്ക് എത്തിക്കുന്നത്. കരാർ പ്രകാരം, കഴിഞ്ഞ ആഴ്‌ച ഇന്ത്യയിൽ നിന്ന് 64 നിർമാണ തൊഴിലാളികൾ ഇസ്രയേലിലെത്തിയിരുന്നു. വരും ആഴ്‌ചകളിലും തൊഴിലാളികള്‍ ഇസ്രയേലിലെത്തും. ഏപ്രിൽ പകുതിയോടെ മൊത്തം 850 ഇന്ത്യന്‍ തൊഴിലാളികള്‍ ഇന്ത്യയിലെത്തും എന്നാണ് കണക്ക്.
ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കൂടാതെ, ചൈനയിൽ നിന്ന് 7,000 തൊഴിലാളികളും കിഴക്കൻ യൂറോപ്പിൽ നിന്ന് 6,000 തൊഴിലാളികളും ഇസ്രയേലില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇന്ത്യയിൽ നിന്ന് 900-ലധികം നിർമാണ തൊഴിലാളികൾ ഇസ്രയേലിലെത്തിയിട്ടുണ്ട്. ഇസ്രയേലി കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ (ഐസിഎ) നടത്തിയ സ്ക്രീനിംഗ് ടെസ്‌റ്റിലൂടെ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള 20,000-ത്തിലധികം തൊഴിലാളികൾക്ക് ജോലിക്ക് അംഗീകാരം ലഭിച്ചുവെന്നും ഇതില്‍ ഏകദേശം 1,000 തൊഴിലാളികൾ മാത്രമാണ് ഇസ്രയേലില്‍ എത്തിയതെന്നും നിർമാണ മേഖലയുമായിന് ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിവിധ പെർമിറ്റുകൾ ലഭിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളാണ് കാലതാമസത്തിന് കാരണം. തിരഞ്ഞെടുത്ത തൊഴിലാളികളിൽ ഭൂരിഭാഗവും ജോലി രാജി വെച്ച് ഇസ്രയേലിൽ ജോലി ചെയ്യാനുള്ള വിസയ്‌ക്ക് കാത്തിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോണിൽ സംഭാഷണത്തില്‍ ഇന്ത്യൻ തൊഴിലാളികളുടെ ഇസ്രായേലിലേക്ക് അയക്കുന്നത് സംബന്ധിച്ച് നെതന്യാഹു ചർച്ച ചെയ്‌തിരുന്നു. ഇസ്രയേലി സാമ്പത്തിക മന്ത്രിയായ നിർ ബർകത്ത്, കഴിഞ്ഞ വർഷം ഏപ്രിലിൽ നടത്തിയ ഇന്ത്യാ സന്ദർശന വേളയിൽ, നിർമാണ മേഖലയിലുൾപ്പെടെ ഇന്ത്യക്കാരെ നിയമിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഏകദേശം 1,60,000 തൊഴിലാളികളെ കൊണ്ട് വരുന്നതിനെ കുറിച്ചായിരുന്നു ചർച്ചകൾ.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ, അന്നത്തെ വിദേശകാര്യ മന്ത്രി എലി കോഹന്‍റെ ഡൽഹി സന്ദർശന വേളയിൽ 42,000 വീതം ഇന്ത്യക്കാർക്ക് കൺസ്ട്രക്ഷൻ, നഴ്‌സിങ് മേഖലകളിൽ ചെയ്യാൻ അനുമതി നൽകുന്ന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചിരുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയിൽ നിന്നുള്ള എണ്ണൂറോളം തൊഴിലാളികൾ ഇസ്രയേലിലെ കാർഷിക മേഖലയിൽ ജോലി ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രയേലിൽ ജോലി ചെയ്യുന്നുണ്ട്.