ന്യൂഡൽഹി: ബൾബ് ഹോൾഡറിൽ ക്യാമറ ഒളിപ്പിച്ചുവച്ച് യുവതിയുടെ ശുചിമുറിയിലെയും കിടപ്പുമുറിയിലേയും ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ 30കാരൻ അറസ്‌റ്റിൽ. കരൺ എന്ന യുവാവാണ് അറസ്‌റ്റിലായത്. പ്രതിയുടെ വീട്ടിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് പകർത്തിയത്. ഡൽഹിയിലെ ഷകർപൂരിലാണ് സംഭവം.
ഉത്തർപ്രദേശുകാരിയായ യുവതി സിവിൽ സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായാണ് ഡൽഹിയിലെത്തിയത്. അടുത്തിടെയാണ് തന്‍റെ വാട്‌സ്‌ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ചില അസ്വാഭാവികത യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാട്‌സ്‌ആപ്പ് ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ പരിശോധിച്ചപ്പോൾ അപരിചിതമായ ഒരു ലാപ്‌ടോപ്പും ലിസ്‌റ്റിൽ കണ്ടെത്തി. ഉടൻ തന്നെ അതിൽ നിന്നും യുവതി ലോഗ് ഔട്ട് ചെയ്‌തു. സംഭവത്തിൽ സംശയം തോന്നിയ യുവതി അപ്പാർട്ട്‌മെന്‍റിൽ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തിയത്.
തുടർന്ന് ഇവര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് കിടപ്പുമുറിയിലും സമാന രീതിയിൽ ക്യാമറ ഘടിപ്പിച്ചതായി കണ്ടെത്തി. മുറിയിൽ മറ്റാരെങ്കിലും വരാണുണ്ടോ എന്ന് പൊലീസിന്‍റെ ചോദ്യത്തിന് മൂന്ന് മാസം മുമ്പ് നാട്ടിൽ പോയ സമയം താക്കോൽ കിരണിനെ ഏൽപ്പിച്ചിരുന്നുവെന്ന് യുവതി മറുപടി പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
യുവതി പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്‌തതോടെ കരണ്‍ കുറ്റസമ്മതം നടത്തി. നാട്ടില്‍ പോകുമ്പോള്‍ യുവതി മുറിയുടെ താക്കോല്‍ തന്നെ ഏല്‍പ്പിച്ചിരുന്നതായി കരൺ പറഞ്ഞു. ഈ അവസരം മുതലെടുത്ത്, ഇലക്‌ട്രോണിക് മാര്‍ക്കറ്റിൽ നിന്ന് വാങ്ങിയ മൂന്ന് രഹസ്യ ക്യാമറകള്‍ യുവതിയുടെ കിടപ്പുമുറിയിലും ശുചിമുറിയിലും സ്ഥാപിക്കുകയായിരുന്നുവെന്ന് കരണ്‍ കൂട്ടിച്ചേർത്തു.
ഈ ക്യാമറകള്‍ ഓണ്‍ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതായിരുന്നില്ല. ദൃശ്യങ്ങള്‍ അതിനൊപ്പം സ്ഥാപിക്കുന്ന മെമ്മറി കാര്‍ഡുകളിലാണ് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നത്. അതിനാല്‍, റെക്കോര്‍ഡ് ചെയ്‌ത വീഡിയോകള്‍ തന്‍റെ ലാപ്ടോപ്പിലേക്ക് മാറ്റുന്നതിനായി കരണ്‍ അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞ് പലതവണ വീടിന്‍റെ താക്കോൽ യുവതിയോട് ആവശ്യപ്പെട്ടിരുന്നിരുന്നതായി പൊലീസ് പറഞ്ഞു.
കരണില്‍ നിന്ന് മറ്റൊരു ക്യാമറയും റെക്കോര്‍ഡ് ചെയ്‌ത വീഡിയോകള്‍ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്‌ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു. കരണിനെതിരെ ബിഎൻഎസ് ആക്‌ട് സെക്ഷൻ 77 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം പ്രതി ശാരീരിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.
Also Read: ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവം; പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ഥികള്‍