ശ്രീ ഗംഗാനഗർ: ഇന്ത്യ-പാക് അതിർത്തിക്കടുത്തുള്ള ഗ്രാമത്തിൽ നിന്ന് പാകിസ്ഥാനിലേക്ക് ലൊക്കേഷൻ അയച്ച മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍. സമേജ കോത്തി സ്വദേശികളായ സുശീൽ കുമാർ (23), സുഖ്‌വീന്ദർ സിങ് (27), പഞ്ചാബിലെ ഫാസിൽക സ്വദേശി റോബിൻ സിങ് (22) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. രാജസ്ഥാന്‍ അതിർത്തിക്കടുത്തുള്ള ബിജ്‌നോർ ഗ്രാമത്തിലാണ് സംഭവം.
ബിഎസ്എഫും രാജസ്ഥാൻ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് യുവാക്കള്‍ അറസ്‌റ്റിലായത്. മൂവരെയും കസ്‌റ്റഡിയിലെടുത്ത ശേഷം മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് ഇവർ പാക്കിസ്ഥാനിലേക്ക് ലൊക്കേഷൻ അയച്ചതായി വ്യക്തമായതായി പൊലീസ് പറഞ്ഞു. ബിഎസ്എഫും പൊലീസും ഇപ്പോൾ മൂവരെയും ചോദ്യം ചെയ്യുകയാണ്.
പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വൻതോതിൽ ഹെറോയിൻ അയയ്ക്കാൻ സാധ്യതയുള്ളതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ബിഎസ്എഫും പൊലീസും പരിശോധനയ്ക്കായി ഇറങ്ങിയത്.
രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള പാടങ്ങളിൽ ഗോതമ്പ് വിളവെടുക്കുന്ന സമയമാണെന്നും ഈ സാഹചര്യം മുതലെടുത്ത് കള്ളക്കടത്ത് നടത്തുന്നത് വ്യാപകമാണെന്നും പൊലീസ് പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫും പൊലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.